കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ നാട്ടുകാർ കണ്ടത് കടുവ തന്നെയെന്ന് വനംവകുപ്പിന്‍റെ സ്ഥിരീകരണം. മാട്ടറ പീടികക്കുന്ന് പുഴയരികിലും പുറവയൽ മൂസാൻ പീടികയ്ക്ക് സമീപവുമാണ് കടുവയെ കണ്ടത്. പീടികക്കുന്ന് പുഴയിൽ മീൻ പിടിക്കാൻ പോയ കടമനക്കണ്ടിയിലെ ടിമ്പർ തൊഴിലാളിയാണ് വെള്ളിയാഴ്‌ച രാത്രി കടുവയെ കണ്ട വിവരം നാട്ടുകാരെ ആദ്യം അറിയിച്ചത്.
വെള്ളം കുടിക്കാൻ കടുവ പുഴയരികിൽ എത്തിയതായാണ് കരുതുന്നത്. പല സ്ഥലങ്ങളിലായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് നാട്ടുകാർ പ്രദേശത്ത് രാത്രി മുഴുവൻ ജാഗ്രത പാലിച്ചു. ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ കർണാടക മേഖലയാണ്.
ശനിയാഴ്‌ച പുലർച്ചെ പീടികക്കുന്നിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ മൂസാൻ പീടികയ്ക്ക് സമീപവും വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാർ പൊലീസില്‍ വിവരം അറിയിച്ചു. ഇതോടെ ഇരിട്ടി ഡിവൈഎസ്‌പി സജേഷ് വാഴപ്പിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വനംവകുപ്പും പരിശോധന ശക്തമാക്കി.
കാൽപ്പാടുകൾ പരിശോധിച്ചപ്പോൾ കടുവ തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. കൂടതൽ പട്രോളിങ് നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.