കണ്ണൂർ : പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പുളിമ്പറമ്പ് സ്വദേശി എം.എസ്. കുഞ്ഞിമോൻ, കീഴാറ്റൂർ സ്വദേശി എം. ലക്ഷ്മണൻ, തൃച്ഛംബരം സ്വദേശി അബു ഹുദിഫ എന്നിവരെയാണ് എസ്ഐ പി.സി സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പിടിയിലായി. പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് മൂന്ന് പ്രതികളും തളിപ്പറമ്പ് പൊലീസിൽ കീഴടങ്ങിയത്.
17 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന അഞ്ചുപേരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇവ തള്ളുകയായിരുന്നു.
ALSO REA:31 അക്കൗണ്ടുകള്‍ വഴി 50 ലക്ഷം തട്ടിയ കേസ് : മുക്കുപണ്ടം കസ്റ്റഡിയിലെടുത്ത് പൊലീസ്
കീഴടങ്ങിയ ഇവരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ മൂന്ന് പ്രതികൾ, മുക്കുപണ്ടം പണയംവച്ച് വിവിധ അക്കൗണ്ടുകളിലായി 15 ലക്ഷത്തോളം രൂപ വാങ്ങിയതായാണ് പൊലീസ് കണ്ടെത്തൽ.
കേസിൽ തളിപ്പറമ്പ് സ്വദേശികളായ കെ.പി വസന്തരാജ് (45), വി.വി രാജേന്ദ്രന്‍ (62) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും കൂടുതൽ പേര്‍ പിടിയിലാകുമെന്നാണ് സൂചന.
രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തദിവസം പരിഗണിക്കും. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.