കണ്ണൂര്‍: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച അധ്യാപകന്‍ ഫര്‍സീന്‍ മജീദിനെ മട്ടന്നൂര്‍ സ്‌കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ ഫര്‍സീനെ 15 ദിവസത്തേക്ക് അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ അന്വേഷണം നടത്തിയതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.
അതിനിടെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സ്‌കൂളില്‍ പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. ഫര്‍സീന്‍ സ്‌കൂളിലെത്തിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.
ഇതേ തുടര്‍ന്ന് അധ്യാപകനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റുമെന്ന് അറിയിച്ച് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി.