കണ്ണൂർ: സർക്കാർ സംവിധാനത്തിലൂടെ നടത്തിയ കിറ്റ് വിതരണത്തിന് കേസെടുത്തതിന് എതിരെ മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രൻ. കിറ്റ് വിതരണം കോൺഗ്രസ് തടഞ്ഞതും നിയമംലംഘിച്ചെന്ന് ആരോപിച്ച് തന്‍റെ പേരില്‍ കേസെടുത്തതും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വി.രാമചന്ദ്രൻ ആരോപിച്ചു. തനിക്കെതിരെ കേസെടുത്ത കാര്യം പൊലീസ് ഇതുവരെ അറിയിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും എംഎല്‍എ പറഞ്ഞു.
ദിവസങ്ങളായി ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാഹിയിൽ യാതൊരു സർക്കാർ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതേ തുടർന്നാണ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ രണ്ടായിരത്തോളം ഭക്ഷ്യ കിറ്റുകൾ സമാഹരിച്ച് വിതരണം നടത്താൻ തീരുമാനിച്ചത്. കിറ്റ് വിതരണം നടന്നത് സർക്കാർ നിയന്ത്രണത്തിലാണ്. നോഡൽ ഓഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. കിറ്റ് വിതരണം തടഞ്ഞ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. അവിടെ നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം ആ ഉദ്യോഗസ്ഥന് കൂടിയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.