കണ്ണൂര്‍ : തലശേരിയിലെ ഇരട്ട കൊലപാതക കേസിലെ പ്രതികളെ പിടികൂടിയത് മണിക്കൂറുകൾക്കകം. സംസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതികളെ സംഭവം നടന്ന് 24 മണിക്കൂർ തികയും മുൻപ് പിടിക്കാനായത് നിരവധി വിഷയങ്ങളില്‍ പഴികേൾക്കേണ്ടി വന്ന പൊലീസിന് ആശ്വാസമേകിയിട്ടുണ്ട്. നവംബര്‍ 23ന് വൈകിട്ട് അഞ്ച് മണിയോടെ സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗമായ ഷമീർ(45), കെ ഖാലിദ്(56) എന്നിവരെ കൊലപ്പെടുത്തിയതില്‍ സംഭവം നടന്നയുടൻ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തലശേരി സഹകരണ ആശുപത്രിയ്ക്ക് മുൻപിൽ വച്ചാണ് സംഘം കൃത്യം നിര്‍വഹിച്ചത്. പിന്നില്‍, പാറായി ബാബുവും സംഘവുമാണെന്ന് പൊലീസ് നിഗമനത്തിലെത്തി. പക്ഷേ മുഖ്യപ്രതി പാറായി ബാബു രക്ഷപ്പെട്ടിരുന്നു. പിണറായി സ്വദേശി സന്ദീപ്, പാറക്കെട്ട് സ്വദേശി അരുൺ എന്നിവരോടൊപ്പം അരുണിൻ്റെ കാറിൽ കർണാടകയിലെ മടിക്കേരിയിലേക്കായിരുന്നു ഒളിവില്‍ പോയത്. അതിനിടെ, തലശേരി എസിപി, സബ് ഡിവിഷനിലെ പൊലീസുകാരെ ഉപയോഗിച്ച് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ഇവർ ഗ്രൂപ്പ് തിരിഞ്ഞ് മൈസൂർ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് തിരിയ്‌ക്കുകയായിരുന്നു.
READ MORE | തലശ്ശേരി ഇരട്ടക്കൊലപാതകം : മുഖ്യപ്രതി പാറായി ബാബു അടക്കം 7 പേര്‍ പിടിയിൽ
പ്രതികൾ കർണാടകയിലെ മടിക്കേരിയിൽ എത്തും മുൻപ് അന്വേഷണ സംഘം അവിടെ എത്തിയിരുന്നു. ഇരിട്ടിലെ വിവിധ സിസിടിവികൾ പരിശോധിച്ചതോടെയാണ് അരുണിൻ്റെ കാർ കർണാടകയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്.എന്നാല്‍ മടിക്കേരിയിൽ പിടിയിലാകുമെന്ന് കരുതി പ്രതികൾ കേരളത്തിലേക്ക് കടന്നു.
അതിനിടയിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽവച്ച് പൊലീസ് കൈകാണിച്ചിട്ടും പ്രതികൾ സഞ്ചരിച്ച വാഹനം നിർത്താതെ പോയി. ഉടൻ ഇരിട്ടി പൊലീസിൽ വിവരം അറിയിച്ചു. ഇരിട്ടി സ്റ്റേഷന് മുൻപിൽ എസിപി സജേഷ് വാഴവളപ്പിലും സംഘവും ബാരിക്കേഡ് തീർത്ത് പ്രതികളെ അതിസാഹസികമായി പിടികൂടുകയായിരുന്നു. കേസിൽ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്.
'അഞ്ചുപേർ കൃത്യത്തിൽ നേരിട്ടുപങ്കെടുത്തു': മുഖ്യപ്രതി തലശേരി ഇല്ലിക്കുന്ന് സ്വദേശി പാറായി ബാബു, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച പിണറായി സ്വദേശി സന്ദീപ്, പാറക്കെട്ട് സ്വദേശി അരുൺ, ജാക്‌സൺ, സുജിത്ത്, അരുൺ, സന്ദീപ്, നവീൻ, ഫർഹാൻ എന്നിവരാണ് പ്രതികൾ. അറസ്റ്റിലായ അഞ്ചുപേർ കൃത്യത്തിൽ നേരിട്ടുപങ്കെടുത്തെന്നും രണ്ടുപേർ സഹായം ചെയ്തെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കെ ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബുവാണെന്നും പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് വിൽപന ചോദ്യം ചെയ്‌തതിന് കൊല്ലപ്പെട്ട ഷമീറിന്‍റെ മകൻ ഷബിലിനെ (20) ബുധനാഴ്‌ച ഉച്ചയ്‌ക്ക് ലഹരിവിൽപന സംഘം ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബിലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് കാണാനെത്തിയതായിരുന്നു ഖാലിദും ഷമീറുമടക്കമുള്ളവർ. ഇതിനിടെ ആശുപത്രിയിലെത്തിയ പ്രതികൾ ഇവരെ റോഡിലേക്ക് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു.
ഇവരില്‍ ഖാലിദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും സുഹൃത്ത് ഷാനിബിനെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു.