കണ്ണൂർ: ശിഷ്യന്മാർക്ക് ഗുരുനാഥന്മാർ സമ്മാനങ്ങൾ നൽകാറുണ്ട്. എന്നാൽ, അവിടെയും വ്യത്യസ്ഥനാവുകയാണ് സുരേഷ് അന്നൂർ എന്ന അധ്യാപകൻ. കുത്തുവരയിലൂടെ (ഡോട്ട് പെയിന്‍റിങ്) പ്രശസ്‌തനായ സുരേഷ്, തന്‍റെ ക്ലാസിലെ 35 കുട്ടികളുടെ ഛായാചിത്രങ്ങളാണ് മഷിക്കുത്തുകളിലൂടെ വരച്ചെടുത്തത്. മനസിൽ പതിഞ്ഞ ശിഷ്യരുടെ മുഖം കുത്തുവരയിലൂടെ പകർത്തിയെടുത്ത് കാത്തിരിക്കുകയാണ് പയ്യന്നൂർ കണ്ടങ്കാളി ഷേണായീസ് സ്മാരക ഹയർ സെക്കന്‍ററി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ സുരേഷ് അന്നൂർ. 8, 9 സി ഡിവിഷനുകളിൽ കഴിഞ്ഞ രണ്ട് വർഷം ഈ 35 കുട്ടികളായിരുന്നു സുരേഷിന്‍റെ ക്ലാസിലുണ്ടായിരുന്നത്. രണ്ട് വർഷം കണ്ട കുട്ടികളുടെ മുഖം പൂർണമായും ഈ അധ്യാപകന്‍റെ മനസിൽ പതിഞ്ഞിരുന്നു.
ഒരു ദിവസം ഒരു ചിത്രമാണ് പേനക്കുത്തിലൂടെ ഇദ്ദേഹം പൂർത്തിയാക്കുന്നത്. ഇവയെല്ലാം ലാമിനേറ്റ് ചെയ്‌ത് തയ്യാറാക്കി വെച്ചിരിക്കുകയാണ്. പത്താം ക്ലാസിൽ കയറുന്ന ആദ്യദിനത്തിൽ തന്‍റെ ശിഷ്യന്മാർക്ക് ചിത്രങ്ങൾ സമ്മാനമായി നൽകണമെന്ന മോഹമാണ് സുരേഷിന്. സുകുമാർ അഴീക്കോട്, ഗാനഗന്ധർവ്വൻ യേശുദാസ്, ഗായിക ചിത്ര തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ കുത്തുവരയിൽ തീർത്ത് സുരേഷ് സമ്മാനിച്ചിട്ടുണ്ട്. ഇങ്ങനെ കിട്ടിയ ആത്മവിശ്വാമാണ് ശിഷ്യരുടെ ചിത്രം വരയ്ക്കാൻ പ്രചോദനമായതും. ലോക്ക് ഡൗൺ കാലം ശിഷ്യന്മാരുടെ മുഖച്ചിത്രങ്ങളൊരുക്കാനായി അധ്യാപകൻ ചെലവഴിച്ചു. സ്‌കൂൾ തുറന്ന് ശിഷ്യരെല്ലാം ഒരുമിച്ച് എത്തുന്നതിന്‍റെ കാത്തിരിപ്പിലാണ് ഇനി ഈ ഗുരുനാഥൻ.