കണ്ണൂർ: തളിപ്പറമ്പ് ദേശീയപാതയിൽ അപകടം പതിവാകുന്നു. പുതുതായി ടാറിങ്ങ് നടക്കുന്ന പൂക്കോത്ത് നട മുതൽ വേളാപുരം വരെയുള്ള റോഡിലാണ് അപകടം ഏറെയും നടക്കുന്നത്. ഇതിൽ ധർമശാലയിലെ ഏഴ് കിലോമീറ്റർ പരിധിയിൽ ആറ് ദിവസങ്ങൾക്കുള്ളിൽ ചെറുതും വലുതുമായി പത്ത് വാഹനാപകടങ്ങളാണ് നടന്നത്. അതിൽ ഒരു ജീവൻ പൊലിയുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും റോഡിലെ ടാറിങ്ങിന്‍റെ മിനുസവും കാരണം വാഹനങ്ങൾ ബ്രേക്ക് ഇടുമ്പോൾ തെന്നിമാറുന്നതാണ് അപകട കാരണമെന്ന് ഡ്രൈവർമാർ പറയുന്നു.
തൃച്ചംബരം പമ്പിനു സമീപം കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് കാക്കഞ്ചാൽ സ്വദേശി കെ. എൻ ഇസ്‌മായിൽ മരണപ്പെട്ടിരുന്നു. അതിനു ശേഷം അതേ സ്ഥലത്ത് മിനി ലോറി നിയന്ത്രണം വിട്ട് സോളാർ ലൈറ്റ് തൂൺ തകർത്തിരുന്നു, മറ്റൊരു മിനിലോറി മതിൽ തകർക്കുകയും ചെയ്തു. ഈ വാഹനാപകടങ്ങളൊക്കെ നടന്നത് പുതുതായി ടാർ ചെയ്ത റോഡിലാണ്. ഇത് ടാറിങ്ങിൽ അപാകത ഉണ്ടോയെന്ന സംശയം കൂട്ടുന്നുവെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം അധികാരികൾ ഈ പ്രശ്‌നത്തിൽ ഇടപെട്ട് ടാറിങ്ങിൽ അപാകത ഉണ്ടോ എന്ന് പരിശോധിക്കണമെന്നും, അപകടങ്ങൾ കുറക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപെട്ടു.