കണ്ണൂർ : വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. ഉച്ചക്ക് രണ്ട് മണിക്ക് കാസർകോട് നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്‍റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം.
സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.
സർവീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്‌പ്രസ് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്. വന്ദേ ഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് മൂന്ന് വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശി വന്ദേഭാരതിന്‍റെ ഔദ്യോഗിക യാത്രക്ക് തുടക്കമിട്ടത്.