കണ്ണൂർ : ചൈനയെ പ്രകീർത്തിച്ചിട്ടില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ചൈനയിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് കടുത്ത അമേരിക്കന്‍ പക്ഷപാതമാണെന്നും രാമചന്ദ്രൻ പിള്ള കണ്ണൂരിൽ പറഞ്ഞു.
ചൈനയുമായി പ്രശ്നമുണ്ടെന്ന് കരുതി അവരുടെ വികസന മുഖത്തെ കാണാതിരിക്കാൻ പറ്റുമോ എന്നും എസ്ആർപി ചോദിച്ചു. താൻ ചൈനക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. താനും പിണറായിയും പറഞ്ഞത് ഒരേ അഭിപ്രായമാണ്.
ALSO READ:തരം പോലെ വർഗീയത പറയും, കോടിയേരി പറയുന്നത് മൂന്നാംകിട വർത്തമാനം: വിഡി സതീശൻ
ചൈനയുമായുള്ള അതിർത്തി തർക്കം യുദ്ധത്തിലൂടെയല്ല പരിഹരിക്കേണ്ടത്. ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാൽ സർവനാശമായിരിക്കും ഉണ്ടാവുക. കൂടിയാലോചനകൾ നടക്കേണ്ടിയിരിക്കുന്നു. ഇരു രാജ്യങ്ങളും പരസ്‌പരം വിട്ടുവീഴ്‌ച ചെയ്യണം.
കേന്ദ്രത്തിൽ ബിജെപിയെ താഴെ ഇറക്കണമെങ്കിൽ ഇടതുപക്ഷ കക്ഷികൾ ശക്തിപ്പെടണം. കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണ്. രാഹുൽ, പ്രിയങ്ക എന്നിവരുടെ നിലപാട് മൃതു ഹിന്ദുത്വമാണ്.
എല്ലാവരെയും അണിനിരത്തി ബിജെപിയെ ഒറ്റക്കെട്ടായി എതിർക്കും. അതിൽ കോൺഗ്രസ് സഹകരിക്കുമോ എന്ന് നോക്കാമെന്നും എസ് രാമചന്ദ്രൻ പിള്ള കണ്ണൂരിൽ പറഞ്ഞു.