കണ്ണൂർ: കവ്വായി കായൽ നീന്തി കടന്ന് ആറുവയസുകാരൻ ഡാരിയസ്. ഒരു കിലോമീറ്ററിലേറെ വിസ്‌തൃതിയുള്ള കായല്‍ 20 മിനിറ്റ് കൊണ്ടാണ് ഈ കൊച്ചു മിടുക്കൻ നീന്തിക്കയറിയത്. ജീവന്‍രക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി "നീന്തല്‍ പഠിക്കൂ ജീവന്‍ രക്ഷിക്കൂ" എന്ന സന്ദേശവുമായാണ് ഡാരിയസ് കവ്വായി കായൽ നീന്തി കടന്നത്. കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസറുമായ ലഫ്റ്റനന്‍റ് കമാന്‍റർ ബിനേഷ് പ്രഭു ചിത്ര ദമ്പതികളുടെ മകനാണ് ഡാരിയസ്.
ഇടയ്ക്ക് വിശ്രമം വേണ്ടിവന്നേക്കുമെന്ന കാണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഡാരിയസ് നീന്തി മറുകരയ്‌ക്കെത്തിയത്. വലിയപറമ്പ് പഞ്ചായത്തില്‍ നിന്നും ആരംഭിച്ച പ്രയാണം മറുകരയായ രാമന്തളി പഞ്ചായത്തിന്‍റെ തീരത്ത് അവസാനിപ്പിച്ചു. നീന്തല്‍ പരിശീലകന്‍ ചാള്‍സന്‍ ഏഴിമലയ്‌ക്കൊപ്പം കഴിഞ്ഞ ദിവസം പെരുമ്പ പുഴയും ഡാരിയസ് നീന്തി കടന്നിരുന്നു. പയ്യന്നൂര്‍ സ്‌പോര്‍ട്‌സ് ആന്‍റ് കള്‍ച്ചറല്‍ ഡെവലപ്‌മെന്‍റ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി.ഐ. മധുസൂദനന്‍ ഡാരിയസിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു. രണ്ടുദിവസത്തെ കടല്‍ പരിചയ പരിശീലനത്തിന് ശേഷം പയ്യാമ്പലം കടലില്‍ നീന്തുന്നതോടെ ജീവന്‍രക്ഷാ ബോധവല്‍ക്കരണ പരിപാടി സമാപിക്കും.