കണ്ണൂര്‍: ന്യൂമാഹി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷം. പരിമഠം കല്ലിനപ്പുറം മുതൽ കുറിച്ചിയിൽ കടപ്പുറം വരെയുള്ള 11, 12, 13 വാർഡുകളിലെ തീരമേഖലയിലാണ് കടല്‍ കയറുന്നത്. കല്ലിനപ്പുറത്തെ നാല് വീടുകൾക്കകത്ത് വേലിയേറ്റത്തിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇവിടെയുള്ള ഏഴ് കുടുംബങ്ങൾക്കാണ് കടലാക്രമണ ഭീഷണിയുള്ളത്. ഇവരിൽ ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. കുറിച്ചിയിൽ കടപ്പുറത്തും കടലേറ്റത്തിൽ വീടുകളുടെ മുറ്റത്തേക്ക് വെള്ളം ഇരച്ചുകയറി.
പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. സെയിത്തു, പഞ്ചായത്ത് സെക്രട്ടറി ഷീജ മണി, വില്ലേജ് ഓഫീസർ ഇ.ആർ. ജയന്തി, തലശേരി ഡി.വൈ.എസ്.പി. ബി.സുരേഷ്, എസ്.എച്ച്.ഒ. ഇ.ആർ.ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.രജിത പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ കെ.വത്സല, കെ.എസ്. ഷർമ്മിള, പൊതുപ്രവർത്തകരായ കെ.എ.രത്നകുമാർ, പി.കെ.ഷിനോഫ്, ഹേമന്ദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.