കണ്ണൂർ: കണ്ണവത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്‍റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റയുടനെ സലാഹുദ്ദീനെ തലശേരി സഹകരണ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. എന്നാൽ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീന്‍റെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തലശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് സലാഹുദ്ദീന്‍റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവെന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മാര്‍ട്ടം നടപടികളും മറ്റും പരിയാരത്ത് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ പോസ്റ്റ്‌മാര്‍ട്ടം നടപടികള്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് തലശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൊവിഡ് മാനദണ്ഡപ്രകാരമായിരിക്കും സലാഹുദ്ദീന്‍റെ മൃതദേഹം സംസ്‌കരിക്കുക. സലാവുദ്ദീന്‍റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. തലശേരി ഡിവൈഎസ്‌പി മൂസ വളളിക്കാടന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.