കണ്ണൂര്‍: മതാധിഷ്ഠിത രാഷ്ട്രം രൂപീകരിക്കാനുള്ള ആർഎസ്എസ് അജണ്ട ജനങ്ങൾ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ചരിത്രത്തിൽ ഇതേ വരെ ഇല്ലാത്ത ഒറ്റപ്പെടലാണ് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാനൂർ പാലക്കൂലിൽ ഇഎംഎസ് സ്‌മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാധിഷ്ഠിതമായ കാര്യങ്ങൾ മാത്രമേ കേരളത്തിൽ നടപ്പിലാക്കുകയുള്ളൂ. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സിപിഎം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ആരോഗ്യ മന്ത്രി കെ.കെ ശൈലജ മുഖ്യപ്രഭാഷണം നടത്തി, ടി. ചന്ദ്രൻ സ്‌മാരക ഹാളിന്‍റെ ഉദ്ഘാടനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ നിർവഹിച്ചു. കെ.ടി അബ്ദുള്ള സ്മാരക വായനശാലയുടെ ഉദ്ഘാടനം എം.സുരേന്ദ്രനും ഫോട്ടോ അനാഛാദനം പി.ഹരീന്ദ്രനും നിർവഹിച്ചു.