കണ്ണൂർ: ചെറുപുഴ പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വിമുക്തഭടനായ കപ്പൂര് കെ.ഡി ഫ്രാൻസിസിനെയാണ് (ലാൽ-48) കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ (മെയ്15) ആറ് മണിയോടെയാണ് വിവരം പുറത്തറിയുന്നത്.
കുടുംബ വഴക്കാണ് മരണകാരണമെന്നാണ് പൊലീസിന് ലഭിച്ച സൂചന. കഴുത്തിന് മാരകമായി മുറിവേറ്റിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതമാണെന്നും കാണിച്ച് ബന്ധുക്കൾ പരാതി നൽകി.
വിരലടയാള വിദഗ്ധരടക്കമുള്ള പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് നായയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പ്രിൻസി ഫ്രാൻസിനാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ അലൻ, അൽജോ.