കണ്ണൂർ: കുഞ്ഞിമംഗലം ദേശത്തിന്‍റെ പേര് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്ന ഒരു രൂപമുണ്ട്. അത് അവർണ്ണനീയമാം വിധം ജ്വലിച്ച് നിൽക്കുന്ന രാമായണ വിളക്കിന്‍റേതാണ്. അന്തരിച്ച പ്രശസ്‌ത ശിൽപി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ 2008ലാണ് ആദ്യരാമായണ വിളക്ക് രൂപകൽപന ചെയ്തത്. ശ്രീരാമപട്ടാഭിഷേകത്തിലെ 35 രൂപങ്ങളാണ് വിളക്കിൽ ആലേഖനം ചെയ്തിരിക്കുന്നത്. കൂടാതെ രണ്ട് വീതം വ്യാളികളും ആനകളും വിളക്കിന്‍റെ ഭംഗി വർധിപ്പിക്കുന്നു. പൂർണമായും ഓടിൽ തീർത്ത വിളക്കിന് 30 കിലോഗ്രാം തൂക്കവും അഞ്ചടി ഉയരവും രണ്ടടി വീതിയുമുണ്ട്. പഴയ രീതിയിലുള്ള വിളക്കുകളിൽ നിന്നും മാതൃക ഉൾക്കൊണ്ടാണ് രാമായണ വിളക്കിനായി പുതിയ അളവുകോൽ തയ്യാറാക്കിയതെന്ന് നാരായണൻ മാസ്റ്ററുടെ മകനും ശിൽപിയുമായ ചിത്രൻ കുഞ്ഞിമംഗലം പറയുന്നു.
12 വർഷം മുമ്പ് പത്ത് മാസത്തെ പരിശ്രമത്തിനൊടുവിൽ നാരായണൻ മാസ്റ്റർ തീർത്ത വിളക്ക് തേടി ഇന്നും ആവശ്യക്കാർ എത്തുന്നു. രാമായണ വിളക്ക് കാണാൻ മാത്രം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് എത്തുന്നത്. ലക്ഷ്‌മിവിളക്കിനും കൊടിവിളക്കിനും തൂക്കുവിളക്കിനും പേരുകേട്ട കുഞ്ഞിമംഗലത്തിന്‍റെ പെരുമ തിളങ്ങി നിൽക്കുന്നത് രാമായണ വിളക്കിലാണ്. ഈ പ്രതിസന്ധി കാലം മാറുമ്പോൾ ആവശ്യക്കാർക്ക് നൽകാനായി അമൂല്യ നിർമിതിയുടെ പണിപ്പുരയിലാണ് അച്ഛന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ചിത്രൻ കുഞ്ഞിമംഗലം.