കണ്ണൂർ: ഇരിട്ടി ടൗണിലെ വഴിയോര കടല വില്‍പനക്കാരന്‍ ഷമീറിനെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യമാണ്. സംസ്ഥാന നിര്‍മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയിലൂടെ പി.വി. ഷമീർ ഇപ്പോൾ ലക്ഷപ്രഭുവാണ്. കൂരന്‍ മുക്ക് എളമ്പ സ്വദേശിയായ ഷമീർ ഇരിട്ടി ടൗണില്‍ നിലക്കടല വറുത്ത് വിറ്റാണ് ഉപജീവനം നയിക്കുന്നത്.
കുഞ്ഞുനാളില്‍ തുടങ്ങിയതാണ് ഷമീറിന്റെ കടല വില്‍പന. 22 വര്‍ഷമായി കടല വിറ്റു കിട്ടുന്ന നാണയതുട്ടുകളിൽ നിന്നും കിട്ടുന്ന പൈസയുപയോഗിച്ചാണ് ഇദ്ദേഹം ലോട്ടറിയെടുത്തിരുന്നത്. 12 വര്‍ഷമായി ലോട്ടറി എടുക്കുന്ന ഷമീര്‍ വിശ്വന്‍ എന്ന ഏജന്‍റിൽ നിന്നാണ് ലോട്ടറി എടുക്കുന്നത്. വിശ്വനാണ് ടിക്കറ്റ് കൈയില്‍ സൂക്ഷിച്ചതും. ഫലപ്രഖ്യാപനം വന്നപ്പോള്‍ ഷമീറിന് വേണ്ടി മാറ്റി വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഏജന്‍റ് വിശ്വൻ തന്നെയാണ് അറിയിച്ചത്. വീട് നിർമാണത്തിനായി രണ്ടര മാസം മുമ്പ് എടുത്ത 15 ലക്ഷം രൂപ ലോണ്‍ അടച്ചു തീര്‍ക്കാനും മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിനായും ഈ തുക ചിലവഴിക്കാനാണ് ഷമീറിന്‍റെ ആഗ്രഹം. പൊന്‍ തിളക്കമുള്ള വിശ്വന്‍റെ സത്യസന്ധതയും വിശ്വനില്‍ നിന്നും എന്നും ടിക്കറ്റ് എടുക്കണമെന്ന ഷമീറിന്‍റെ നന്മ മനസും ഒന്നിച്ചപ്പോള്‍ ഭാഗ്യ ദേവത ഇവര്‍ക്കൊപ്പം നിന്നു. ഇരിട്ടിയിലെ പയ്യന്‍ ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.