കണ്ണൂര്‍: പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ് കേസില്‍ ഓഗസ്റ്റ് 22 മുതൽ മുക്കുപണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ സോണൽ മാനേജർ മനോജിന്‍റെ മൊഴിയും തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി. എത്രയും വേഗം ബാങ്കിലെ പരിശോധന പൂർത്തിയാക്കി പ്രതികളിലേക്ക് എത്താൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ബാങ്കിൽ നടത്തിയ പരിശോധനയില്‍ 31 അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് നിർദേശം നൽകിയുള്ള ഇമെയിൽ അയച്ചത് അഞ്ചു ജില്ലകളുടെ ചാർജുള്ള സോണൽ മാനേജരായിരുന്നു. പൊലീസ് ബാങ്കിൽ നടത്തിയ പരിശോധനയിൽ ഇമെയിൽ കണ്ടെത്തുകയും തുടർന്നാണ് ഇയാളുടെ മൊഴി നേരിട്ട് തന്നെ എടുക്കുകയും ചെയ്തത്.
കാര്യക്ഷമമായി അന്വേഷണം നടത്താന്‍ പൊലീസ്
തളിപ്പറമ്പ് സി.ഐ എ.വി ദിനേശൻ, എസ്.ഐ പി.സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബാങ്കിലുള്ള പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്. ഓണം കഴിഞ്ഞപാടെ ബാങ്കിൽ പണയം വെച്ച ആഭരണങ്ങളുടെ പരിശോധന നടത്തി മുക്കുപണ്ടങ്ങൾ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. പൊലീസ്, അപ്രൈസർ, വീഡിയോഗ്രാഫർ, ബാങ്ക് മാനേജർ, ബാങ്കിന്‍റെ അഭിഭാഷകൻ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.
മുക്കുപണ്ടം കസ്റ്റഡിയിൽ എടുത്തതിന് ശേഷം പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. പ്രതിയെന്ന് കരുതുന്ന അപ്രൈസർ ആത്മഹത്യ ചെയ്തതോടെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിന് പൊലീസിന് കാര്യക്ഷമമായി അന്വേഷണം നടത്തേണ്ടി വരുമെന്നാണ് വിവരം.
ALSO READ: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും