കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലായ പുതുക്കുടി പുഷ്പനെ അധിക്ഷേപിച്ച് പ്രസംഗിച്ച കെ.സുധാകരൻ എം.പി.ക്കെതിരെ പുഷ്പൻ്റെ കുടുംബവും ഡി.വൈ.എഫ്.ഐയും നിയമ നടപടി ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി വക്കീൽ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം തലശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര സ്വീകരണ സമ്മേളനം ഉത്ഘാടനം ചെയ്യവേയാണ് കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് പ്രളയദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാർ 35 ലക്ഷം രൂപ നൽകിയതായി കെ .സുധാകരൻ ആരോപിച്ചത് .
മുഖ്യമന്ത്രിയുടെ തറവാട്ട് സ്വത്തിൽ നിന്നോ പാർട്ടി ഫണ്ടിൽ നിന്നോ അല്ല അവന്‍റെ തുക നൽകിയതെന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ. പരാമർശം അടിസ്ഥാന രഹിതമാണെന്നും മനുഷ്യത്വം തൊട്ട് തീണ്ടാത്തവർക്ക് മാത്രമേ ഇങ്ങനെ പറയാനാവൂവെന്നും സി.പി.ഐ.എം. തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രൻ പ്രതികരിച്ചു. എന്തും വിളിച്ചു പറയുന്ന സുധാകരനെ പറ്റി കോൺഗ്രസുകാർക്ക് വരെ നല്ല അഭിപ്രായമില്ല. കഴിഞ്ഞ 26 വർഷത്തിലധികമായി കിടപ്പിലായ പുഷ്പൻ്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് പാർട്ടിയാണെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.