കണ്ണൂര്‍: കണ്ണൂർ സബ് ജയിലിലെ തടവുകാർക്ക് ഇനി വാർത്തയും പാട്ടും കേൾക്കാം. പാട്ട് പാടുന്ന തടവുകാരാണെങ്കില്‍ ഇനി മൈക്കിലൂടെ പാട്ട് പാടാം. ജയിലിലെ പുതിയ എഫ്. എം റേഡിയോ, പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിലൂടെയാണ് തടവുകാര്‍ക്ക് മാനസികോല്ലാസത്തിന് വഴിയൊരുക്കിയിരിക്കുന്നത്. തടവുകാരുടെ മാനസിക സമ്മർദം കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സബ് ജയിലിൽ എല്ലാ സെല്ലുകളിലും എഫ്.എം റേഡിയോ സ്ഥാപിക്കുന്നത്. ജയിലിലെ മ്യൂസിക് തെറാപ്പിയുടെ ഭാഗമായാണ് പുതിയ സംവിധാനം തുടങ്ങിയിരിക്കുന്നത്. ഇനിമുതല്‍ രാവിലെ ആറു മുതൽ എട്ടു വരെയും വൈകിട്ട് ആറു മുതൽ രാത്രി ഒൻപത് വരെയും റേഡിയോ വഴി പാട്ടും വാർത്തകളും മറ്റു പരിപാടികളും കേൾക്കാം.
തുടക്കത്തിൽ ആകാശവാണി എഫ് എം നിലയത്തിൽ നിന്നുള്ള റേഡിയോ പരിപാടികളാണ് കേൾപ്പിക്കുക. പിന്നീട് സ്വകാര്യ എഫ്.എമ്മുകളും സമയക്രമമനുസരിച്ച് പ്രവര്‍ത്തിപ്പിക്കും. അറുപത് റിമാൻഡ് പ്രതികളാണ് സബ് ജയിലിൽ കഴിയുന്നത്. ഇവരുടെ ദിനചര്യകളും ജോലിയും സംബന്ധമായ അറിയിപ്പുകളും നൽകാൻ പബ്ലിക് അഡ്രസിംഗ് സിസ്റ്റവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ജയിൽ അന്തേവാസികളുടെ മാനസിക പ്രയാസം കുറയ്ക്കാൻ കൗൺസിലിംഗും അടുത്ത ദിവസങ്ങളിൽ ഏർപ്പെടുത്തും.