കണ്ണൂർ : അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിന് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ. ശ്രീകണ്‌ഠാപുരത്തെ കോൺഗ്രസ് ഓഫിസിന് മുന്നിലാണ് 'സേവ് കോൺഗ്രസ്' എന്ന പേരിൽ പോസ്റ്ററുകള്‍ പതിപ്പിച്ചത്.
'അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെ'ന്നാണ് പോസ്റ്ററിലെ വാചകം. 'പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകൂ' എന്നും വിമര്‍ശനമുണ്ട്.അതേസമയം പോസ്റ്റർ ഒട്ടിച്ചതിനെതിരെ ഡിസിസി രംഗത്തെത്തി. പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ എതിരെ പോസ്റ്റർ പതിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് ജില്ല നേതൃത്വം വ്യക്തമാക്കി.
Also Read: ഭഗവന്ത് മൻ ഗവർണറെ കണ്ടു ; പഞ്ചാബിൽ സത്യപ്രതിജ്ഞ മാർച്ച് 16ന്
അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത പരാജയമാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബിൽ ഭരണം നിലനിർത്താൻ പോലും കോൺഗ്രസിന് ആയില്ല. ഗോവയിലും തിരിച്ചടിയായിരുന്നു ഫലം. ഉത്തർപ്രദേശിൽ പാർട്ടിക്ക് രണ്ട് സീറ്റുകളിൽ മാത്രം ഒതുങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിനെതിരെ സ്വന്തം നാട്ടിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയരുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും കെ സി വേണുഗോപാലിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്. പ്രചാരണത്തിന് പോലും പങ്കെടുക്കാത്ത കെ.സി വേണുഗോപാല്‍ സമ്പൂര്‍ണ പരാജയമാണെന്നുൾപ്പടെയുള്ള ആരോപണങ്ങളാണ് ഉയരുന്നത്.