കണ്ണൂർ: പി ജയരാജനെതിരായ വ്യക്തിപൂജ വിവാദം അവസാനിപ്പിച്ച് സിപിഎം. വ്യക്തിപ്രഭാവം വളർത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് പങ്കില്ലെന്നാണ് പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ച നേതൃത്വം പ്രശ്‌നം അവസാനിപ്പിക്കാൻ തീരുമാനിച്ചു. വ്യക്തിപൂജ വിഷയത്തിൽ ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് സിപിഎം സംസ്ഥാന സമിതി മുമ്പ് ശാസിച്ചിരുന്നു.
ജയരാജന് ക്ലീൻ ചിറ്റ്
പി ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെയാണ് പാർട്ടിക്കകത്ത് നേരത്തെ വലിയ വിവാദമായത്. ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെയും ചുമതലപ്പെടുത്തി. എഎൻ ഷംസീർ, എൻ ചന്ദ്രൻ, ടിഐ മധുസൂദനൻ എന്നിവരാണ് കമ്മിഷനിലുണ്ടായിരുന്നത്. വ്യക്തിപരമായി പ്രത്യേക രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി ജയരാജന് പങ്കില്ലെന്നാണ് കമ്മിഷൻ കണ്ടെത്തൽ.
Also Read: 'കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം വേണ്ട'; കെ സുധാകരന് മറുപടിയുമായി പി ജയരാജൻ
വ്യക്തിപ്രഭാവം ഉയർത്തുന്ന ബോർഡുകൾക്കു പിന്നാലെ വിവാദം
കണ്ണൂർ തളാപ്പിൽ സംഘപരിവാർ സംഘടനകളിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ അമ്പാടി മുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അർജുനനായും പി ജയരാജനെ ശ്രീകൃഷ്‌ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ സ്ഥാപിച്ചത്. പിന്നീട് കണ്ണൂർ ജില്ലയിൽ പലയിടത്തും കൃത്യമായി ഇടവേളകളിൽ ജയരാജനെ വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും ബോർഡുകളും പ്രത്യക്ഷ്യപ്പെട്ടു.
പാർട്ടിക്ക് അതീതമായ ജയരാജന്‍റെ വളർച്ച
പിജെ ആർമി എന്ന പേരിലുള്ള സാമൂഹ്യ മാധ്യമ പേജ് ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റുകളുമായി സജീവമായിരുന്നു. പാർട്ടി വേദികളിൽ ജയരാജന് കിട്ടുന്ന കയ്യടിയും നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് അതീതമായി വളരുന്നു എന്ന ആരോപണത്തിൽ ജയരാജൻ വിഷയം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായത്.
Also Read: 'വിമർശനം വ്യക്തിപരം തന്നെ' ; വീണ്ടും മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍
പ്രശ്‌നം അവസാനിപ്പിക്കണമെന്ന് കമ്മിഷൻ നിലപാട്
വ്യക്തിപ്രഭാവം ഉയർത്തുന്ന നിലയിലുള്ള പ്രചാരണം നടന്നതിന് ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് ശാസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ തുടർ നടപടി വേണ്ടെന്ന മൂന്നംഗ കമ്മിഷൻ നിലപാട് പാർട്ടി നേതൃത്വം അംഗീകരിച്ചു. നടപടിയിൽ പ്രതികരിക്കാൻ ഇല്ലെന്നാണ് ജയരാജൻ അറിയിച്ചത്.