കണ്ണൂർ: കൈകൂലി വാങ്ങുന്നതിനിടെ കണ്ണൂർ പഴയങ്ങാടി എ.എസ്.ഐയെ വിജിലൻസ് പിടികൂടി. പഴയങ്ങാടി സ്റ്റേഷൻ എ.എസ്.ഐ ആയ വിളയാങ്കോട് സ്വദേശി പി. രമേശൻ (48) ആണ് പിടിയിലായത്. പാസ്പോർട്ട് വെരിഫിക്കേഷനിടെ കൈക്കൂലി വാങ്ങാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി.
പുതിയങ്ങാടി മഞ്ഞരവളപ്പിലെ ശരത്ത് കുമാറിൻ്റെ പരാതിയിലാണ് വേഷം മാറിയെത്തിയ വിജിലൻസ് സംഘം രമേശനെ പിടികൂടിയത്. പാസ്പോർട്ട് വെരിഫിക്കേഷൻ സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ച് വരുത്തി 1000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത്ത് കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് നിർദേശ പ്രകാരം തുക കൈമാറുന്ന വിവരം എ.എസ്.ഐയെ അറിയിച്ചു. ഫിനോത്തിൽ പൗർഡർ പുരട്ടിയ രണ്ട് അഞ്ഞൂറിൻ്റെ നോട്ട് ഉദ്യോഗസ്ഥന് നൽകാൻ വിജിലൻസ് ശരത്തിന് കൈമാറി. തുടർന്ന് പണം കൈമാറുന്നതിനിടെ വേഷം മാറിയെത്തിയ വിജിലൻസ് സംഘം രമേശനെ പിടികൂടുകയായിരുന്നു.
കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൈക്കൂലി പണം പിടികൂടുമ്പോൾ രണ്ട് ഗസറ്റഡ് ഓഫിസർമാരുടെ സാന്നിധ്യവുമുണ്ടായിരുന്നു.