കണ്ണൂര്‍: കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയലുകള്‍. വയലില്‍ അതിജീവനത്തിന്‍റ വെയിലേറ്റ് തലയുയര്‍ത്തി നില്‍ക്കുന്ന നെല്‍ ചെടികള്‍. മണ്ണറിഞ്ഞും മനസു നിറഞ്ഞും വിത്തെറിഞ്ഞ കര്‍ഷകര്‍... അല്‍പമൊന്ന് പിന്നോട്ടുപോയാല്‍ പയ്യന്നൂരും പരിസര പ്രദേശങ്ങളും നെല്‍കൃഷികൊണ്ട് സമ്പന്നമായിരുന്നു.
കാലാവസ്ഥ വ്യതിയാനം ഇവിടുത്തെ കര്‍ഷകരെ കുറച്ചൊന്നുമല്ല ബാധിച്ചത്. എങ്കിലും പ്രകൃതിയോട് മല്ലിട്ട് കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക വൃത്തിയെ മുറുകെ പിടിച്ചു. ഇടയ്‌ക്കുവച്ചുണ്ടായ നെല്ല് സംഭരണത്തിലെ അപാകത പയ്യന്നൂരിന്‍റെയും കരിവെള്ളൂരിന്‍റെയും കാര്‍ഷിക സമൃദ്ധിയെ നന്നായൊന്ന് ഉലച്ചു.
ഇതിനിടയിലാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി തൊഴിലാളി ക്ഷാമം വന്നത്. നെല്‍വയലിലെ പണിക്ക് തൊഴിലാളികളെ കിട്ടാതായതോടെ പയ്യന്നൂർ, കരിവെള്ളൂർ, കാങ്കോൽ, കടന്നപ്പള്ളി പ്രദേശങ്ങളിലെല്ലാം ഹെക്‌ടര്‍ കണക്കിന് വയലുകളാണ് കര്‍ഷകര്‍ക്ക് തരിശിടേണ്ടി വന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ നെല്‍കൃഷിക്ക് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ല എന്നതാണ് കര്‍ഷകരുടെ പരാതി.
സാധാരണയായി വയലില്‍ പണിക്ക് വന്നിരുന്നവര്‍ കൂടി തൊഴിലുറപ്പ് പദ്ധതിയുടെ ജോലികള്‍ക്ക് പോകുന്നതും കര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. നെല്‍കൃഷി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. മറഞ്ഞു തുടങ്ങിയ നെല്‍കൃഷിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് കൃഷിയെ ജീവവായുവാക്കിയ പയ്യന്നൂര്‍കാരുടെ ആവശ്യം.