കണ്ണൂര്‍: ജില്ലയില്‍ തളിപ്പറമ്പ് കോടതിക്ക് സമീപം വീട്ടിൽ നിർത്തിയിട്ട കാർ തീയിട്ട് നശിപ്പിച്ചു. സ്കൈ ഇമ്പേക്‌സ് സ്ഥാപനമുടമ ചട്ടീരകത്ത് അലിപ്പിയുടെ കെഎല്‍ 18 ക്യു- 7010 ഹുണ്ടായി ക്രെറ്റ കാറാണ് കത്തി നശിച്ചത്. പുലര്‍ച്ചെ 12.15 നായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്‍റെ ടയർ പൊട്ടുന്ന ശബ്‌ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. രണ്ടുപേർ ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെട്ടതായും വീട്ടുകാര്‍ പറയുന്നു. അപ്പോഴേക്കും വാഹനം പകുതിയോളം കത്തിയിരുന്നു. ഉടന്‍ പൊലീസിലും അഗ്നിശമനസേനയിലും വിവരമറിയിച്ചു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ കെപി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സംഭവസ്ഥലത്ത് നിന്നും തീപ്പെട്ടിയും കത്തിക്കാനുപയോഗിച്ചെന്ന് കരുതുന്ന ടർപ്പന്‍റൈന്‍ കുപ്പിയും പൊലീസ് കണ്ടെടുത്തു. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് വീട്ടുടമ പറയുന്നത്. തളിപ്പറമ്പ് എസ്ഐ പിസി സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധനവിധേയമാക്കി. ഫോറന്‍സിക് വിദഗ്‌ധര്‍ ഉള്‍പ്പെട്ട സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.