കണ്ണൂർ: ഉദ്ഘാടനം ചെയ്‌ത് രണ്ടു വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാതെ പരിയാരം മെഡിക്കൽ കോളജിനടുത്തെ സാമൂഹിക അടുക്കള. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപകാരപ്പെടും എന്ന പ്രതീക്ഷയിലാണ് ഏറെക്കാലത്തെ ആവശ്യത്തിന് ശേഷം ഇവിടെ സാമൂഹിക അടുക്കള നിർമിച്ചത്. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാനായിട്ടില്ല.
ദേശീയ ആരോഗ്യ മിഷന്‍റെ 25 ലക്ഷം രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച സാമൂഹിക അടുക്കള കൊട്ടിഘോഷിച്ചാണ് രണ്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്‌തത്. എന്നാൽ പ്രവർത്തനം ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങുകയായിരുന്നു. അതേസമയം ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികളുടെ രോഗാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണം ഉണ്ടാക്കാനും, ചികിത്സയ്ക്കാവശ്യമായ ചില മരുന്നുകൾ തയ്യാറാക്കാനും കൂട്ടിരിപ്പുകാർക്ക് ഭക്ഷണം കഴിക്കാനുമൊക്കെ അത്യാവശ്യമെന്ന് കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സാമൂഹിക അടുക്കള ഒരുക്കിയത്.
പ്രവർത്തനം തുടങ്ങാത്തതിനാൽ അടുക്കള ഉപകരണങ്ങൾ അടക്കം ഉപയോഗശൂന്യമായ സാഹചര്യമാണുള്ളത്. അതേസമയം വികസനത്തിന് ഫണ്ടില്ല എന്ന് പരിതപിക്കുന്ന ആയുർവേദ കോളജിന്‍റെ പുതിയ കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്‌തിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിലും ജനങ്ങൾ പ്രതിഷേധമുയർത്തുന്നുണ്ട്.