കണ്ണൂർ: പാനൂർ പാലത്തായിയിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർഥിനിയെ പീഢിപ്പിച്ച കേസിൽ പുതിയ മൊഴി രേഖപ്പെടുത്തണമെന്ന് ജസ്റ്റിസ് ഫോർ ഹാഷ് ടാഗ് കൂട്ടായ്മ ആവശ്യപ്പെട്ടു. നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡിവൈഎസ്‌പി എടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെന്നും ഇത് കേസ് അട്ടിമറിക്കപ്പെടാനിടയാക്കുമെന്നും കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേസിലെ ഒന്നാം പ്രതി പത്മനാഭനെ രക്ഷിക്കാനുള്ള നീക്കമാണിതിന് പിന്നിൽ. സ്കൂൾ അധികൃതരെയും പ്രതിയെ ഒളിപ്പിച്ചവരെയും ഉൾപ്പെടെ കേസിലെ പ്രതികളാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പോക്സോ നിയമങ്ങൾക്ക് വിരുദ്ധമായ നടപടികളാണ് പാലത്തായി കേസിന്‍റെ തുടക്കം മുതൽ നടന്നത്. എട്ട് തവണയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിൽ മറ്റ് പ്രതികളെക്കൂടി ഉൾപ്പെടുത്തിയാൽ മറ്റ് രാഷ്ട്രീയ പാർട്ടിക്കാർ കൂടി ഉൾപ്പെടുമെന്നത് കാരണമാണ് ഒന്നാം പ്രതിയെ മാത്രം ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുന്നത്. കൂട്ടു പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കണമെന്നും ജസ്റ്റിസ് ഫോർ ഹാഷ്ടാഗ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും സ്ഥലം എംഎൽഎയായ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും പാലത്തായി കേസിൽ നിസംഗതയാണ് കാണിക്കുന്നത്. കേസിൽ പ്രതികൾ രക്ഷപ്പെടുന്നതിനായി കുടുംബത്തിന് മേൽ സമ്മർദ്ദവും ശക്തമാണ്. പാലത്തായി മറ്റൊരു വാളയാറാകാതിരിക്കാൻ സമൂഹത്തിന്‍റെ നിരന്തര ഇടപെടലുകളുണ്ടാകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ എം മുഹമ്മദ് ജാഷിക്, ഷബീർ കോയസൻ സി കെ, കെ ഷിഫ്ന, കെ സൂര്യ, പി സൗഗന്ധ് എന്നിവർ പങ്കെടുത്തു.