കണ്ണൂർ: ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡന കേസിൽ തെളിവില്ലെന്ന നിലപാടുമായി ക്രൈംബ്രാഞ്ച്. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷം നിയമവിദഗ്ധരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ആലോചിച്ചാണ് ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ തീരുമാനം. നേരത്തെ കേസ് അന്വേഷണം 90 ദിവസം പിന്നിട്ടപ്പോൾ പോക്സോ വകുപ്പ് ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് തലശേരി കോടതിയിൽ ആദ്യ കുറ്റപത്രം നൽകിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമായിരുന്നു കുറ്റപത്രം. നിലവിലെ അന്വേഷണത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്താനുള്ള തെളിവ് ലഭിച്ചില്ലെന്നും, രണ്ടാമത്തെ കുറ്റപത്രം പിന്നീട് സമർപ്പിക്കുമെന്നും കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സിഐ മധുസൂതനൻ നായർ കോടതിയെ അറിയിച്ചു. ഇതോടെ പത്മരാജന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായിരുന്നു.
ഇതിനിടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി. എസ്. ശ്രീജിത്ത് കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന വിവരം പുറത്തുവിട്ടിരുന്നു. ഇതോടെ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായി. ഇതോടെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലും തെളിവ് ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കുന്ന വിവരം. കഴിഞ്ഞ മാർച്ച് 17ന് തലശേരി ഡിവൈഎസ്‌പിക്ക് കുട്ടി നൽകിയ പരാതിയിലാണ് അധ്യാപകനായ പത്മരാജനെതിരെ പാനൂർ പൊലീസ് കേസെടുത്തത്. പാനൂർ സി.ഐ ടി.പി. ശ്രീജിത്തായിരുന്നു തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണം ഉയർന്നതോടെ ടി.പി. ശ്രീജിത്തിനെ കോഴിക്കോടേക്ക് സ്ഥലം മാറ്റുകയും, ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കുകയുമായിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ടുള്ള സാഹചര്യത്തില്‍ ക്രൈബ്രാഞ്ച് തെളിവില്ലെന്ന നിലപാട് സ്വീകരിക്കുന്നത് കൂടുതല്‍ വിവാദങ്ങൾക്ക് വഴിതുറക്കും.