കണ്ണൂർ : ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇനി വിവാദങ്ങള്‍ക്ക് താൽപര്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.
ആരും ആരുടെയും പിന്നിലല്ല. പാർട്ടിക്കുള്ളിൽ ആരെയും തോൽപിക്കാനുമില്ല. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമെല്ലാം കോൺഗ്രസിന്‍റെ സമുന്നത നേതാക്കളാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി പ്രശ്‌നങ്ങൾ ഘടകകക്ഷികളെ ബാധിക്കും
മുന്നണിയിൽ കലാപക്കൊടി ഉയർത്തിയ ആർഎസ്‌പി നേതാവുമായി ബന്ധപ്പെട്ടു. അവരുടെ ഭാഗത്തുനിന്നും പ്രശ്‌നങ്ങളൊന്നുമില്ല.
പക്ഷേ കോൺഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഷിബുവിന്‍റേത് സദുദ്ദേശപരമായ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടേത് വ്യാമോഹം
നേതാക്കൾ തമ്മിൽ തർക്കമില്ലെന്ന് ആവർത്തിച്ച അദ്ദേഹം പാർട്ടിക്കുള്ളിൽ ബിജെപി അനുകൂല വികാരമില്ലെന്നും പറഞ്ഞു.
കോൺഗ്രസ് വിടുന്ന നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്നായിരുന്നു മറുപടി.
ബിജെപിയുടേത് വെറും വ്യാമോഹം മാത്രം. അവ യാഥാര്‍ഥ്യമാകില്ല. കേരളത്തിൽ കോൺഗ്രസിൽ നിന്ന് വിട്ട് ബിജെപിയിലേക്ക് പോകാൻ ആളുകളുണ്ടാകുമെന്ന് അവര്‍ കരുതേണ്ട. ബിജെപിക്ക് ആകെ ഉണ്ടായിരുന്ന സീറ്റ് പോലും നഷ്‌ടപ്പെട്ടാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡയറി ഉയർത്തിക്കാട്ടിയത് വിശ്വാസ്യത തെളയിക്കാൻ
അതേസമയം ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉമ്മൻചണ്ടി നൽകിയ പേരുകൾ എഴുതിയ ഡയറി പത്രസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയത് തന്‍റെ വിശ്വാസ്യത തെളയിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
ശിവദാസൻ നായരുടെ മറുപടി ലഭിച്ചതായും അത് പരിശോധിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് വിശദീകരിച്ചു.
എ.വി. ഗോപിനാഥിനോട് സംസാരിക്കും. അദ്ദേഹം കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ല. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ലഭിച്ച പരാതി പരിശോധിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.