കണ്ണൂര്‍: ജില്ലയിലെ അജ്ഞാത മൃതദേഹങ്ങള്‍ക്കും നിര്‍ധനരായ രോഗികള്‍ക്കും കൈതാങ്ങായി പിലാത്തറ സ്വദേശി നജ്‌മുദ്ദീന്‍. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് അടുത്ത് വിളിച്ചാല്‍ കേള്‍ക്കും ദൂരത്ത് എപ്പോഴും ഇദ്ദേഹമുണ്ടാകും. ഉറ്റവര്‍ ഉപേക്ഷിച്ച് പോയവരുടെയും കട തിണ്ണയിലോ റെയില്‍വേ ട്രാക്കിലോ കണ്ടെത്തുന്ന മൃതദേഹങ്ങളുടെയുമെല്ലാം ഉടയോന്‍. കഴിഞ്ഞ 15 വര്‍ഷമായി നജ്‌മുദ്ദീന്‍ ഈ പുണ്യ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട്.
വളരെ കാലം പഴക്കമുള്ളതും ആരും ഏറ്റെടുക്കാന്‍ എത്താത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിച്ചാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചത്. ഇത്രയും വര്‍ഷത്തിനിടെ നൂറുകണക്കിന് പേര്‍ക്കാണ് നജ്‌മുദ്ദീന്‍റെ നേതൃത്വത്തില്‍ അന്ത്യയാത്ര നല്‍കിയത്. കൊവിഡ് കാലത്ത് മാത്രം 500 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്.
മരിച്ചവരുടെ ജാതിയോ മതമോ നോക്കിയല്ല ഈ മൃതദേഹ പരിപാലനം എന്നതും ശ്രദ്ധേയം. ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും അവരുടെ വിശ്വാസ പ്രകാരം ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കും. മോര്‍ച്ചറിയില്‍ ദിവസങ്ങളോളം പഴക്കമുള്ളതും റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതുമായ മൃതദേഹങ്ങളെല്ലാം സുഗന്ധദ്രവ്യങ്ങളെല്ലാം ഉപയോഗിച്ച് വൃത്തിയാക്കി ഏറ്റെടുക്കാന്‍ ആളുകളുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കും. എന്നാല്‍ ആരോരുമില്ലാത്തവരാണെങ്കില്‍ സ്വന്തം നേതൃത്വത്തില്‍ അവ സംസ്‌കരിക്കും.
ആശുപത്രി അധികൃതര്‍ക്കും പൊലീസിനും നജ്‌മുദ്ദീന്‍റെ പ്രവര്‍ത്തി ഏറെ സഹായകരം തന്നെയാണ്. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് ഇതെല്ലാം ചെയ്യുന്നത് എന്നതും ഏറെ ശ്രദ്ധേയം. കണ്ണൂർ ജില്ലയിലേത് മാത്രമല്ല മറിച്ച് കാസർകോട്, കോഴിക്കോട്, വയനാട് തിരുവനന്തപുരം ജില്ലകളിലെയും കർണാടകയുടെ വിവിധ ഭാഗങ്ങളിലെയും മൃതദേഹങ്ങൾ ഇദ്ദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാറുണ്ട്.
നവംബർ 19ന് മെഡിക്കൽ കോളജിൽ മരിച്ച ബംഗാള്‍ സ്വദേശി ഷാരോണിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ വന്നപ്പോഴും രക്ഷയ്‌ക്കെത്തിയത് നജ്‌മുദ്ദീനായിരുന്നു. പരിയാരം ഏമ്പേറ്റിലെ സെന്‍റ് സേവ്യേഴ്‌സ് പള്ളിയിലാണ് ഷാരോണിന്‍റെ മൃതദേഹം സംസ്‌കരിച്ചത്. അതിന് വേണ്ടി കൊൽക്കത്തയിലെ ബിഷപ് ഹൗസില്‍ ബന്ധപ്പെടുകയും ചെയ്‌തിരുന്നു.
നവംബര്‍ 14ന് മരിച്ച കൃഷ്‌ണന്‍കുട്ടിയെന്നയാളുടെ മൃതദേഹവും സംസ്‌കരിച്ചത് നജ്‌മുദ്ദീനാണ്. മരിച്ചതിന് പിന്നാലെ ബന്ധുക്കളെ കാത്ത് 30 ദിവസം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഇതിന് പിന്നാലെയാണ് പയ്യാമ്പലത്ത് എത്തിച്ച് മൃതദേഹം സംസ്‌കരിച്ചത്.
മൃതദേഹ സംസ്‌കരണത്തിന് പുറമെ വാഹന അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും നിര്‍ധനരായ കുടുംബങ്ങളിലെ കിടപ്പ് രോഗികള്‍ക്കുമെല്ലാം നജ്‌മുദ്ദീന്‍റെ കരസ്‌പര്‍ശം എത്തുന്നുണ്ട്. വാഹനാപകടങ്ങളില്‍പ്പെടുന്നവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കും. അപകടത്തില്‍പ്പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെടുകയും അവരെത്തും വരെ രോഗിക്ക് കൂട്ടിരിക്കുകയും ചെയ്യും.
പരിയാരം സി.എച്ച് സെന്‍ററിന്‍റെ കോർഡിനേറ്റർ കൂടിയാണ് നജ്‌മുദ്ദീന്‍. ആരോരുമില്ലാത്തവര്‍ക്ക് തുണയാകുന്ന ഈ പ്രവര്‍ത്തി ഇനിയും തുടരുമെന്ന് നജ്‌മുദ്ദീന്‍ പറയുന്നു. നിരവധി യുവാക്കളാണ് ഇപ്പോള്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തികളിലേക്ക് കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.