കണ്ണൂർ : കുഞ്ഞാലിക്കുട്ടിയും മുസ്‌ലിംലീഗിലെ ഒരു വിഭാഗവും സിപിഎമ്മിനോടുള്ള കൂട്ട് ഊട്ടി ഉറപ്പിക്കുകയാണോ?. കേരള രാഷ്ട്രീയത്തിലെ കൗതുകകരമായ ചോദ്യത്തിന് പിന്നെയും ചൂട് പിടിക്കുകയാണ്. മുൻ മന്ത്രിയും സിഎംപി സ്ഥാപക നേതാവുമായ എംവി രാഘവന്‍റെ ചരമവാര്‍ഷിക ദിനാചരണമാണ് ഒടുവിലത്തേത്.
വിവാദങ്ങള്‍ വന്ന വഴി : സിഎംപി പിളർപ്പിന് ശേഷം എല്ലാവർഷവും ഇരുവിഭാഗങ്ങളായി എംവി രാഘവൻ അനുസ്‌മരണം നടത്താറുണ്ട്. സിപിഎം അനുകൂല വിഭാഗവും സിപി ജോൺ വിഭാഗവും. ഇത്തവണയും ഇരുവിഭാഗങ്ങളും പരിപാടി പ്രഖ്യാപിച്ചപ്പോൾ അതിലൊരു കൗതുകമുണ്ടായിരുന്നു. സിപിഎം സമ്മേളന വേദിയിൽ മുഖ്യാതിഥിയായി യുഡിഎഫിലെ പ്രധാന പാർട്ടിയായ മുസ്‌ലിംലീഗിന്‍റെ നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു.
സിപിഎം അനുകൂല സംഘടനയായ എംവിആർ ചാരിറ്റബിൾ ട്രസ്‌റ്റാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായുള്ള നവകേരള നിർമിതിയിൽ സഹകരണ സംഘങ്ങളുടെ പങ്ക് എന്ന സെമിനാറിൽ മുഖ്യാതിഥിയായാണ് കുഞ്ഞാലിക്കുട്ടിയെ ഉൾപ്പെടുത്തിയത്. ലീഗ് സിപിഎം വേദിയിലെന്ന വാർത്ത പരന്നത്തോടെ യുഡിഎഫ് അണികളില്‍ പ്രതിഷേധം ശക്തമായി. യുഡിഎഫ് നേതാവ് സിപി ജോൺ തന്നെ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. ഒടുവിൽ പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പരിപാടിയിൽ നിന്നും കുഞ്ഞാലിക്കുട്ടി പിന്മാറി.
മാധ്യമങ്ങൾ താൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചുവെന്നും ഈ സാഹചര്യത്തിൽ എംവി ആറിന്‍റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചയ്ക്കും വിട്ടുകൊടുക്കാൻ താത്‌പര്യമില്ലെന്നും പറഞ്ഞ അദ്ദേഹം,
സംഘാടകർക്ക് ഒരു വീഡിയോ കൈമാറുകയും ചെയ്‌തു. എന്നാല്‍ ആ വീഡിയോയാണ് വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ സിപിഎം അടുപ്പവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് തുടക്കമിടുന്നത്.
വീഡിയോയില്‍ എന്ത് : സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ കഴില്ലെന്ന് പറയുന്ന വീഡിയോയിൽ സഹകരണ വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിൽ നിന്ന് വിഭിന്നമായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും സഹകരണ മേഖലയ്ക്ക് ശക്തിയില്ലെന്നും കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ നടപടികൾ സഹകരണ മേഖലയെ തകർക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം നേടിയെടുത്ത ശക്തിയാണ് സഹകരണ പ്രസ്ഥാനം. ഈ മേഖലയെ തകർക്കാൻ ആരെയും അനുവദിക്കില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് യുഡിഎഫും എൽഡിഎഫും ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂർ, കണ്ടല ബാങ്കിലെ ഇഡി നടപടികൾക്കിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്. വീഡിയോ പുറത്തുവന്നതോടെ കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസാണെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി. എന്നാൽ ഇത്തരം ആരോപണങ്ങള്‍ തള്ളുകയാണ് ലീഗ് നേതാവും ഏറനാട് എംഎൽഎയുമായ പികെ ബഷീർ.
സിഎംപി സംഘടിപ്പിച്ച എംവിആർ അനുസ്‌മരണ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് പികെ ബഷീറായിരുന്നു. മുസ്‌ലിംലീഗ് എന്നും യുഡിഎഫിന്‍റെ ഭാഗമാണെന്ന് അവിടെ അദ്ദേഹം വ്യക്തമാക്കി. പലസ്‌തീന്‍ വിഷയത്തിന് പിന്നാലെ സിപിഎമ്മിന് കോൺഗ്രസിനെ ആക്രമിക്കാൻ മറ്റൊരു വിഷയം കൂടി നൽകുകയാണ് കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ കൗതുകവും ഇതിന് പിന്നിലുണ്ട്.