കണ്ണൂർ: സൗജന്യ വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ സിപിഎം കണ്ണൂരിൽ സത്യാഗ്രഹ സമരം നടത്തും. ഈ മാസം 28ന് വീടുകളിലും ക്ലബ്ബുകളിലും ഓഫീസുകളിലുമായി രണ്ടര ലക്ഷം കേന്ദ്രങ്ങളിലാണ് സത്യാഗ്രഹ സമരം നടത്തുകയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.
കോർപ്പറേറ്റ് ബാത്ത് ആണ് പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. വാക്‌സിൻ സൗജന്യമായി നൽകുന്നത് മോദി സർക്കാരിന്‍റെ ഔദാര്യമല്ല, നികുതിപ്പണമാണ്. പൈസ കൊടുത്ത് വാക്‌സിൻ വാങ്ങാന്‍ കേരള സർക്കാർ തയ്യാറാകുമ്പോൾ കൊടുക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല.
അനുകൂലമായ നടപടി കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. വാക്‌സിൻ ചലഞ്ചിൽ എൽഡിഎഫിലെ എല്ലാ ഘടക കക്ഷികളും സിപിഎമ്മും പങ്കെടുക്കും. കൊവിഡ് രോഗികൾക്കായി വേണമെങ്കിൽ പാർട്ടി ഓഫീസും വായനശാലകളും കൊടുക്കുമെന്നും ജയരാജൻ വ്യക്തമാക്കി.