കണ്ണൂർ: യുവജന - കർഷക പ്രസ്ഥാനത്തിന്‍റെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അനുഭവ സമ്പത്തുമായാണ് എം.വി ഗോവിന്ദൻ മാസ്റ്റർ മന്ത്രി പദത്തിലെത്തുന്നത്.സി.പി.എമ്മിന്‍റെ താത്വിക മുഖവും അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉരുക്കിത്തെളിഞ്ഞ കമ്മ്യൂണിസ്റ്റും കൂടിയാണ് അദ്ദേഹം. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്നാണ് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവര്‍ത്തന അനുഭവ സമ്പത്തുണ്ട്.
കര്‍ഷക പോരാട്ടത്തിന്‍റെ മണ്ണായ മൊറാഴയില്‍ നിന്നും സി.പിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയര്‍ന്ന എം.വി. ഗോവിന്ദന്‍ മാസ്റ്റർ കേരള മന്ത്രി സഭയിലേക്ക് എത്തുമ്പോള്‍ തെളിമയാര്‍ന്ന പൊതുപ്രവര്‍ത്തനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി അദ്ധ്യാപക ജോലിയില്‍ നിന്നും സ്വയം വിരമിച്ചു.ബാലസംഘത്തിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ മാസ്റ്റർ ഡി വൈ എഫ് ഐ യുടെ പ്രഥമ പ്രസിഡന്‍റും പിന്നീട് സെക്രട്ടറിയുമായി.
അടിയന്തരാവസ്ഥകാലത്ത് പാർട്ടി പ്രവർത്തനത്തിന്‍റെ പേരിൽ കൊടിയ പൊലീസ് പീഡനവും മാസങ്ങളോളം ജയിൽ വാസവും അനുഭവിച്ചു.1970 ൽ പാർട്ടി അംഗത്വം നേടിയ അദ്ദേഹം 1991 ൽ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി .2006ല്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും 2018 ൽ കേന്ദ്ര കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു .
1996 മുതൽ 2006 വരെ തളിപ്പറമ്പ മണ്ഡലത്തിന്‍റെ എം എൽ എ ആയ അദ്ദേഹം 22689 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.സി പി എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും, ആന്തൂർ നഗരസഭ മുൻ അധ്യക്ഷയുമായ ഭാര്യ പി. കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും ഉൾപ്പെടുന്നതാണ് എം. വി ഗോവിന്ദൻ മാസ്റ്ററുടെ കുടുംബം.പാർട്ടിയുടെ കരുത്തുറ്റ നേതാവ് കൂടിയായ ഗോവിന്ദൻ മാസ്റ്റർ ആദ്യമായി മന്ത്രി സഭയിലേക്ക് എത്തിയതിന്‍റെ ആഹ്ളാദത്തിലാണ് കണ്ണൂരിലെ പാർട്ടി പ്രവർത്തകർ.