കണ്ണൂർ: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്‍റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും പ്രാദേശികമായ വിഷയമാണിതെന്നും അതിനോട് സിപിഎമ്മിന് പ്രതികരിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശുഹൈബിനെ കൊല്ലാൻ പാർട്ടി ആഹ്വാനം ചെയ്‌തിട്ടില്ല. ക്രിമിനൽ സംഘത്തിൽപ്പെടുന്ന ആകാശ് അല്ല ഇത് പറയേണ്ടത്. ഏത് വിഷയം കൈകാര്യം ചെയ്യാനും പാർട്ടിക്ക് അറിയാം. സ്ത്രീത്വത്തെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ഇയാളെ നിയന്ത്രിക്കേണ്ട കാര്യമില്ല. ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണമെന്നത് അത് കോൺഗ്രസിന്‍റെ രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.
വെളിപ്പെടുത്തല്‍ ആയുധമാക്കാന്‍ കോണ്‍ഗ്രസ്: സിബിഐ വരുന്നതിനോട് എതിർപ്പില്ലെന്നും സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അതിനിടെ, വരും ദിവസങ്ങളിലും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെതിരെയുള്ള ആയുധമാക്കാനാണ് കോൺഗ്രസ് പദ്ധതി. ഷാഫി പറമ്പിൽ, വിഡി സതീശൻ തുടങ്ങിയ നേതാക്കൾ വരും ദിവസങ്ങളിൽ കണ്ണൂരിലെത്തും.
ആകാശിന് മറുപടി കൊടുക്കരുതെന്ന് പാർട്ടി നേതാക്കൾക്കും അണികൾക്കും സിപിഎം നിർദേശമുണ്ട്. കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാക്കളും ആകാശ് തില്ലങ്കേരിയും തമ്മില്‍ നാളുകളായി ഫേസ്‌ബുക്കില്‍ തര്‍ക്കമുണ്ട്. ഇതിനിടെയാണ് ആകാശ് തില്ലങ്കേരിയുടെ, സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍.