കണ്ണൂർ: തലശേരിയിൽ സിക്ക വൈറസ് (Zika Virus) സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്ക പടർത്തി മെലിയോയ്ഡോസിസ് രോഗബാധയും. കണ്ണൂർ ജില്ലയിൽ പെരിങ്ങോം വയക്കര (Peringome Vayakkara) പഞ്ചായത്ത് പരിധിയിലാണ് മെലിയോഡിസീസ് രോഗം സ്ഥിരീകരിച്ചത് (Melioidosis Disease Detected In Kannur District). പനി ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് (Kannur Govt. Medical College) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചെളിയിലും മലിന ജലത്തിലും മണ്ണിലും കാണപ്പെടുന്ന ബർഖോൾഡെറിയ (Burkholderia) എന്ന ബാക്‌ടീരിയ വഴി ഉണ്ടാകുന്ന രോഗമാണ് മെലിയോയ്ഡോസിസ്. ഒരാളിൽ നിന്ന് രോഗം മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് അധികൃതർ പറയുന്നതെങ്കിലും സിക്കക്ക് പിറകെ മെലിയോയ്ഡോസിസ് എത്തിയത് ജനങ്ങളില്‍ വലിയ ആശങ്ക പടര്‍ത്തുന്നുണ്ട്.
അതേസമയം മരിച്ചയാൾക്ക് അസുഖം സ്ഥിരീകരിച്ചെങ്കിലും മരണകാരണം മെലിയോയ്ഡോസിസ് അല്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫിസർ പറയുന്നത്. ഇയാൾക്ക് മറ്റു രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.
രോഗം കണ്ടെത്തിയ പെരിങ്ങോം വയക്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് ആരോഗ്യവകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പരിധിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഫൈലേറിയ അഥവാ മന്ത് രോഗത്തിന്‍റെ സാന്നിധ്യവും കൊതുകിലൂടെ തന്നെ പകരുന്ന മറ്റൊരു രോഗമായ മലമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: തലശേരിയില്‍ സിക വൈറസ് ബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി
അതിനിടെ ജില്ലാ കോടതി ജീവനക്കാരിൽ എട്ടുപേർക്ക് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതിനാൽ സംസ്ഥാന പകർച്ചവ്യാധി പരിശോധന സംഘം ജില്ലാ കോടതി സന്ദർശിച്ച് പരിശോധനയും ബോധവൽക്കരണവും നടത്തി. കോടതി വളപ്പിൽ പുതിയ കെട്ടിടം നിർമ്മാണത്തിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നാണോ രോഗം പടരുന്നത് എന്നാണ് പ്രധാനമായി പരിശോധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോടതിയിൽ സാക്ഷിയായി എത്തിയവരിൽ നിന്നാണോ എന്നും പരിശോധിച്ചു.
പുതിയ കെട്ടിട നിർമ്മാണ സ്ഥലത്ത് പലയിടത്തും വെള്ളം കെട്ടി നിന്ന് മലിനമായ സാഹചര്യം ആണ്. പുതിയ കെട്ടിടത്തിന് തൊട്ടുചേർന്നു നില്‍ക്കുന്ന മൂന്ന് കോടതികളിലുള്ളവർക്കാണ് ശാരീരിക പ്രശ്‌നങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ ഏഴുപേർക്കും, ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കുമാണ് രോഗമുള്ളതായി കണ്ടെത്തിയത്. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് അഡീഷണൽ ജില്ലാ കോടതിയിലെ ജഡ്‌ജി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെ 100 പേരില്‍ ശാരീരിക പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.