പയ്യന്നൂര്‍: ഉത്തര മലബാറിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരിൽ നിന്നും കേരളത്തിലെ തനത് ആയോധന കലയായ കളരിയുടെ സജീവ പ്രചാരകനായി മാറുകയാണ് അന്നൂർ പടിഞ്ഞാറേക്കര സ്വദേശി എം ശ്യാമപ്രസാദ്. തന്‍റെ പിതാവും, ഗുരുവുമായ മുരാരിയിൽ നിന്നാണ് കളരിയിൽ ഇദ്ദേഹം ചുവടുറപ്പിച്ചത്. പിന്നീടങ്ങോട്ട് ജീവിതത്തിന്‍റെ ഒരു ഭാഗമായി കളരിയെ സ്വീകരിച്ചു.
ഇന്ന് 120ഓളം ശിഷ്യന്മാർ ഇദ്ദേഹത്തിന് കീഴിൽ ആയോധന വിദ്യ അഭ്യസിച്ചുവരുന്നു. ഇദ്ദേഹത്തിന്‍റെ ശിഷ്യരിൽ മുപ്പത് പേർ പെൺകുട്ടികളാണ് എന്നതും ശ്രദ്ധേയം. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തില്‍ അവർ പ്രതിരോധ രീതികൾ അഭ്യസിക്കേണ്ടതുണ്ടെന്നാണ് ശ്യാമപ്രസാദ് പറയുന്നത്.
ഒഴിവ് സമയങ്ങളിൽ നേരംപോക്ക് എന്നതിന് പകരം അതിലെ ശാസ്‌ത്രീയ വശങ്ങൾ കൂടി ശിഷ്യർക്ക് പകർന്നു നൽകിക്കൊണ്ട് വളരെ ചിട്ടയോട് കൂടിയാണ് പരിശീലനം. വടക്കൻ കളരിയിലെ വട്ടയൻതിരിപ്പ് ആണ് പ്രധാനമായും ഇദ്ദേഹം ശിഷ്യരെ അഭ്യസിപ്പിക്കുന്ന വിദ്യ. കളരി രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2020 ൽ ഫോക്‌ലോർ അവാർഡ് ശ്യാമപ്രസാദിന് ലഭിക്കുകയുണ്ടായി.
കളരിക്ക് പുറമെ പൂരക്കളി, കോൽക്കളി, മർമചികിത്സ തുടങ്ങിയ രംഗത്തും ശ്യാമപ്രസാദ് കഴിവ് തെളിച്ചിട്ടുണ്ട്. പയ്യന്നൂരിന് പുറമെ ഗോകർണ്ണത്ത് അഞ്ഞൂറോളം കുട്ടികൾ കൂടി ഇദ്ദേഹത്തിന് കീഴിൽ കളരി വിദ്യ അഭ്യസിച്ചു പോരുന്നുണ്ട്.