കണ്ണൂര്‍: ഫുട്‌ബോൾ ലോകകപ്പിൽ അർജന്‍റീനയുമായി കലാശപ്പോരിനിറങ്ങുന്ന ഫ്രഞ്ച് ടീമിന് വിജയാശംസകൾ നേർന്ന് പഴയ ഫ്രഞ്ച് കോളനിയായ മാഹി. ടീമിന് ആശംസകള്‍ നേര്‍ന്നുള്ള ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ചാണ് മാഹിയുടെ പിന്തുണ. തങ്ങളെ പണ്ട് കോളനികളാക്കി അടക്കി ഭരിച്ചിരുന്ന രാജ്യങ്ങള്‍ ഫുട്ബോളിൽ ഏറ്റുമുട്ടുമ്പോൾ ബദ്ധവൈരികളായി കാണുന്നവര്‍ക്കിടയില്‍ തങ്ങളെ കോളനിയാക്കി വച്ച ഫ്രഞ്ചിനെ ഫ്രണ്ടാക്കിയാണ് മാഹിക്കാർ നെഞ്ചോട് ചേർക്കുന്നത്.
പഴയ ഫ്രഞ്ച് കോളനിയായ മാഹിയിൽ ഇന്നും നൂറോളം ഫ്രഞ്ചുകാര്‍ താമസമുണ്ട്. ലോകകപ്പ് ഇത്തവണയും ഫ്രാൻസ് തന്നെ കൊണ്ടുപോവുമെന്ന് ഇവര്‍ ഒരേ സ്വരത്തിൽ ആവേശത്തോടെ പറയുന്നു. ഫ്രഞ്ച് ടീമിന്‍റെ ചിത്രവുമായി മാഹിയിൽ ഫ്രഞ്ച് ഭാഷയില്‍ ഉയർന്ന ബാനറിലെ വരികളാകട്ടെ 'ഫ്രാൻസ് എക്യുപ് ദ് സുത്യേൻ മാഹെ' (മാഹിക്കാർ ഫ്രാൻസിനെ സപ്പോർട്ട് ചെയ്യുന്നു) എന്നാണ്.
വിവെ ല ഇൻഡെ, വിവെ ലെ ഫ്രാൻസ് (ഇന്ത്യ വാഴട്ടെ, ഫ്രാന്‍സ് വാഴട്ടെ) എന്നർഥം വരുന്ന വരികൾ പാടിക്കൊണ്ട് മാഹിക്കാർ ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് പട കപ്പ് നേടുന്നതും കാത്തിരിക്കുകയാണ്. മാത്രമല്ല ഫ്രാന്‍സിനും അര്‍ജന്‍റീനയ്‌ക്കും ഏറെ ആരാധകരുള്ള മാഹിയിൽ ആര് ജയിച്ചാലും ഇന്ന് ആഘോഷ രാവായിരിക്കുമെന്നുറപ്പാണ്.