കണ്ണൂര്‍ : കമ്മിഷണർ ഓഫിസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കൊലപാതകം നടന്നത്. ലോറി ഡ്രൈവറായ കണ്ണൂർ കണിച്ചാര്‍ സ്വദേശി ജിന്‍റോയാണ് മരിച്ചത്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് സൂചന. ചരക്കുലോറികൾ പാർക്ക് ചെയ്യുന്ന സ്ഥലമായിരുന്നു കൊലപാതകം നടന്ന പ്രദേശം. ലോറിക്കുള്ളിൽ വിശ്രമിക്കുന്നതിനിടെയാണ് ജിന്‍റോയ്ക്ക് കുത്തേറ്റതെന്ന് എ സി പി രത്നകുമാർ പറഞ്ഞു.
ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ടൗൺ പോലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലെ വച്ച് ജിന്‍റോ കുഴഞ്ഞ് വീണു. ജിന്‍റോയുടെ കാലിനാണ് ആഴത്തിൽ കുത്തേറ്റത്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
യുവാവിനെ കൊലപ്പെടുത്തി, സഹോദരൻ അടക്കം മൂന്ന് പേർ പിടിയിൽ : മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കേസിൽ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മഞ്ചേശ്വരം കളായിയിലെ പ്രഭാകര നൊണ്ടയാണ് (40) കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് കൊലപാതകം നടന്നത്.
സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്‌മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവർ പൊലീസ് പിടിയിലായി. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സഹോദരനെ കൊലപ്പെടുത്താൻ ജയറാം നൊണ്ട ക്വട്ടേഷൻ നൽകുകയായിരുന്നു. കൊലപാതക സംഘത്തിൽ ആറ് പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ കഴിയുന്ന മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട പ്രഭാകര നൊണ്ട കൊലപാതക കേസിലടക്കം പ്രതിയാണ്.
Also read : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു; സഹോദരന്‍ ഉള്‍പ്പടെ മൂന്ന് പേർ അറസ്റ്റിൽ
അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം : തൃശൂർ നഗരത്തിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തൃശൂർ പോസ്റ്റ് ഓഫിസ് റോഡിലാണ് സംഭവം. ജൂൺ 3ന് രാവിലെ 11.30ഓടെയാണ് അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ കാളിമുത്തുവിനാണ് (60) വെട്ടേറ്റത്.
വെട്ടിയതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. കോർപ്പറേഷൻ ഓഫിസ് പരിസരത്ത് നിന്ന് കാളിമുത്തുവിന്‍റെ മകനും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ചേർന്ന് പ്രതിയെ പിടികൂടി. കോലാര്‍ സ്വദേശി ഖാസിം ബെയ്‌ഗനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. പോസ്റ്റ് ഓഫിസ് റോഡിനടുത്തുള്ള വോൾഗ എന്ന ബാറിന് മുന്നിൽ വച്ചായിരുന്നു ആക്രമണം നടന്നത്.
യാതൊരു പ്രകോപനവുമില്ലാതെ കാളിമുത്തുവിനെ ഖാസിം ബെയ്‌ഗ് വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബാറിന് മുന്നിലെ കടയിലെ കരിക്ക് വെട്ടുന്ന കത്തിയെടുത്താണ് ഇയാൾ കാളിമുത്തുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴുത്തിലും തലയ്ക്ക് പിറകിലും വെട്ടേറ്റു. ഉടൻ തന്നെ കാളിമുത്തുവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also read : തൃശൂർ നഗരത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു