കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ വികസന മുരടിപ്പാണെന്ന് ആരോപിച്ച് എൽഡിഎഫ് സത്യഗ്രഹം നടത്തി. ഭരണത്തിലിരിക്കുന്ന യുഡിഎഫുക്കാരുടെ ധിക്കാരവും അഹങ്കാരവും അംഗീകരിക്കാൻ കഴിയില്ലെന്ന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. അതേസമയം, ഭരണം നഷ്ടപ്പെട്ട നൈരാശ്യത്തിൽ നിന്ന് ഉടലെടുത്ത വെപ്രാളമാണ് എൽഡിഎഫിനെന്ന് മേയർ സുമ ബാലകൃഷ്ണൻ പ്രതികരിച്ചു.
കണ്ണൂർ കോർപ്പറേഷനിൽ ബിൽഡിങ് പെർമിറ്റ് കൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. പള്ളിക്കുന്ന് ബാങ്കിൽ കോർപറേഷൻ പണം നിക്ഷേപിച്ചതും നിയമവിരുദ്ധമായാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഡെപ്യൂട്ടി മേയറുടെ പ്രവർത്തനത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം. കണ്ണൂരിന്‍റെ വികസനങ്ങൾക്ക് കോർപറേഷൻ ഭരണക്കാർ പാരവെക്കുകയാണെന്നും ജീവനക്കാരെ പോലും സഹകരിപ്പിക്കാതെയാണ് യുഡിഎഫ് ധിക്കാരം നടത്തുന്നതെന്നും സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് എം.വി ജയരാജൻ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി കോർപ്പറേഷന് പുറത്ത് സത്യഗ്രഹം ആരംഭിച്ച സമയത്ത് തന്നെ അകത്ത് വിശദീകണവുമായി മേയറും ഡെപ്യൂട്ടി മേയറും രംഗത്തെത്തി. നാല് വർഷത്തോളം കോർപ്പറേഷൻ ഭരണം കയ്യാളിയ എൽഡിഎഫാണ് വികസനമുരടിപ്പ് നടത്തിയതെന്ന് മേയർ പറഞ്ഞു. ചുരുങ്ങിയ കാലയളവ് മാത്രം ഭരിക്കാൻ ലഭിച്ച യുഡിഎഫിന് പദ്ധതിച്ചെലവിനായി സർക്കാരിൽ നിന്നും പണം ലഭിക്കുന്നില്ല. എൽഡിഎഫ് തുടക്കമിട്ട പല പദ്ധതികളും യുഡിഎഫ് പൂർത്തിയാക്കുന്നതിന് പ്രത്യക്ഷത്തിൽ സർക്കാർ തന്നെയാണ് തടസം നിൽക്കുന്നത്. കണ്ണൂർ കോർപ്പറേഷനിലെ പ്രതിപക്ഷം സത്യഗ്രഹമിരിക്കേണ്ടത് സെക്രട്ടറിയേറ്റിന് മുന്നിലാണെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.ഒ മോഹനൻ, ജെമിനി, പി ഇന്ദിര, സി സീനത്ത് ലീഗ് കൗൺസിലർ സി സമീർ തുടങ്ങിയവരും പങ്കെടുത്തു.