കണ്ണൂര്‍: തലശ്ശേരി കൂത്തുപറമ്പ് അഗ്നിരക്ഷാ സേനകൾ സംയുക്തമായി സന്നദ്ധ സേവകരായ യുവതീയുവാക്കളായ വളണ്ടിയർമാർക്ക് പരിശീലനം നൽകി. പരിപാടിയുടെ സംസ്ഥാന തല പരിശീലനത്തിനാണ് തലശ്ശേരി അഗ്നി രക്ഷാ നിലയത്തിൽ തുടക്കമായത്. 50 പേരടങ്ങുന്ന സംഘത്തിനാണ് ഫയർ സ്റ്റേഷനിൽ മൂന്ന് ദിവസങ്ങളിൽ പരിശീലനം നൽകുന്നത്. പ്രദേശിക-ജില്ലാതല പരിശീലനം പൂർത്തിയാക്കിയവർക്കാണ് കരയിലും വെള്ളത്തിലുമായുള്ള പരിശീലനം നല്‍കുന്നത്. ദുരന്ത മുഖങ്ങളിൽ അഗ്നി രക്ഷാ സേനയെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധത അറിയിച്ച് എത്തുന്ന യുവതീയുവാക്കളെ മികച്ച പരിശീലനം നൽകി പൊതു സേവനത്തിനായി പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പരിശീലനം ലഭിച്ചവർ ദുരന്തമുഖത്തു ഇനി മുതൽ രക്ഷകരായി എത്തും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശീലനം. സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരി സ്റ്റേഷൻ ഓഫീസർ എൻ.കെ ശ്രീജിത്ത് നിർവഹിച്ചു. കൊടുവള്ളിയിലെ അഞ്ചരക്കണ്ടി പുഴയിലാണ് ജല പരിശീലനം നൽകുന്നത്.