കണ്ണൂർ: കതിരൂർ ബോംബ് സ്ഫോടനത്തിൽ എ.എൻ ഷംസീർ എം.എൽ.എയുടെ പങ്കിനെകുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ്. ബോംബ് സ്ഫോടനം ആസൂത്രിതമെന്നും ആരോപണം. കണ്ണൂർ കുരുതിക്കളമാക്കുന്നതിനു വേണ്ടി സി.പി.എം നേതൃത്വവും എം.എൽ.എയും ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബോംബ് സ്ഫോടനത്തിൽ പിടിയിലായ അശ്വന്തിനെ സംരക്ഷിക്കാൻ എം.എൽ.എ ഷംസീർ ശ്രമിക്കുന്നുവെന്നും അശ്വന്ത് പിടിയിലായപ്പോൾ പ്രതിയെ ഒഴിവാക്കുന്നതിന് വേണ്ടി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസ് പറഞ്ഞു.
സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ അശ്വന്തിനെയും കൂട്ടുപ്രതികളെയും സംരക്ഷിച്ചതും ഇതേ എം.എൽ.എ ആണെന്നും തലശേരി എം.എൽ.എ ക്രിമിനലുകളെയും കൊലയാളികളെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എൻ.ഹരിദാസ് പറഞ്ഞു. അശ്വന്തിനെയും ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റവരെയും സമഗ്രമായി ചോദ്യം ചെയ്‌താൽ ആരാണ് ബോംബ് നിർമാണത്തിന് നേതൃത്വം കൊടുത്തതെന്നറിയാമെന്നും എൻ.ഹരിദാസ് പറഞ്ഞു.