കണ്ണൂർ: കരുവഞ്ചാൽ - വെള്ളാട് പള്ളിക്കവല റോഡിലെ വെള്ളക്കെട്ടിൽ കയാക്കിങ് ബോട്ട് ഇറക്കി പ്രതിഷേധിച്ചു. നാല് വർഷത്തിലേറെയായി തകർന്ന അവസ്ഥയിലാണ് കരുവഞ്ചാൽ - വെള്ളാട് റോഡ്. മഴക്കാലത്ത് വളരെ പ്രയാസപ്പെട്ടാണ് ജനങ്ങൾ ഈ റോഡിലൂടെ കടന്ന് പോകുന്നത്. മണ്ണം കുണ്ട് ജനകീയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നടുറോഡിലെ വെള്ളക്കെട്ടിൽ കയാക്കിങ് നടത്തി പ്രതിഷേധിച്ചത്. എത്രയും പെട്ടന്ന് റോഡ് പണി തീർക്കണമെന്നാണ് ഇവരുടെ ആവശ്യം. കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ പാലക്കയം തട്ട്, പൈതൽ മല എന്നീ സ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡിന്‍റെ വർഷങ്ങളായുള്ള അവസ്ഥയാണിത്. നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും പരിഹാരമായില്ല.
ഒന്നര കിലോമീറ്റർ ദൂരം താണ്ടണമെങ്കിൽ വലിയ കുഴികളും വെള്ളക്കെട്ടും കടക്കണം. കാലവർഷം ആരംഭിച്ചതോടെ കുഴികൾ മുഴുവൻ വെള്ളം നിറഞ്ഞു. വാഹന യാത്രയും കാൽനട യാത്രയും ദുസ്സഹമായിരിക്കുകയാണ്. ബൈക്ക് യാത്രികർ ഉൾപ്പടെ ദിവസേന നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. കാലവർഷം കനക്കുന്നതോടെ അപകടങ്ങൾ വർധിക്കാനും സാധ്യതയേറെയാണ്.