ആദിവാസി യുവതിയുടെ കൊലപാതകം; ഓട്ടോ ഡ്രൈവർ അറസ്റ്റില്‍ - tribal women murder
ഇരിട്ടി കോളയാട് സ്വദേശി വിപിൻ (24) ആണ് അറസ്റ്റിലായത്. 37കാരിയായ യുവതിയെ പത്ത് ദിവസം മുൻപാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂർ: കേളകത്ത് ആദിവാസി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തായ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. ഇരിട്ടി കോളയാട് സ്വദേശി വിപിൻ (24) ആണ് അറസ്റ്റിലായത്. 37കാരിയായ യുവതിയെ പത്ത് ദിവസം മുൻപാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച യുവതിക്ക് യുവാവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വിപിൻ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായത് അറിഞ്ഞ യുവതി ഇത് ചോദ്യം ചെയ്തതോടെയാണ് വാക്ക് തർക്കമുണ്ടായത്. ഈ സംഭവം സംസാരിക്കാനാണെന്ന് പറഞ്ഞ് കഴിഞ്ഞ 24ന് യുവതിയെ പ്രതി മാലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചു വരുത്തി, കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടി തൂക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൊലപ്പെടുത്തിയ ശേഷം സ്വർണവും മൊബൈലും പ്രതി കൈക്കലാക്കി. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. കുഴിച്ചിട്ട സ്വർണം കണ്ടെടുത്തു.