കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്‌പ്പ് കേസില്‍ കസ്റ്റഡിയിൽ ഉള്ള പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് മുൻപ് തീയിട്ട ആളെയാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാള്‍ സ്വദേശിയായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാൾ മുൻപും ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ചോദ്യം ചെയ്‌ത് വിട്ടയാക്കാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തീപിടിത്തത്തിന് തൊട്ടുമുന്‍പ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
തീവയ്‌ക്കുന്നതിന് മുൻപ് ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സമീപത്തുള്ള കെസിപിഎൽ ജീവനക്കാരുടെ മൊഴിയുണ്ട്. ഇതും അന്വേഷണം ഇയാളിലേക്ക് എത്താൻ കാരണമായി. നിലവിൽ കേരള പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ള ഇയാളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടിയ ശേഷം റെയിൽവേ പൊലീസിന് കൈമാറും. അതിന് ശേഷമാകും അറസ്റ്റിൽ വ്യക്തത വരിക.
ഇന്ധനത്തിന്‍റെ സാന്നിധ്യമില്ല: അതിനിടെ കത്തിനശിച്ച കോച്ചില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിന് തീയിടാൻ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നുള്ള സൂചന. പ്രതി സീറ്റുകൾ കീറിവലിച്ചു പുറത്തിട്ടു തീകൊളുത്തിയെന്നതാണ് സ്ഥിരീകരിക്കാത്ത വിവരം.
ഇപ്പോഴും അക്രമം നടന്ന ട്രെയിനിൽ പൊലീസ് പരിശോധന തുടരുകയാണ്. ഏപ്രിൽ രണ്ടിന് ഉണ്ടായ എലത്തൂർ തീവയ്‌പ്പ് സംഭവത്തിന്‍റെ ഞെട്ടൽ മാറും മുൻപാണ് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ വീണ്ടും സമാന സംഭവം ഉണ്ടായത്. കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിന്‍റെ ഒരു ബോഗിയാണ് ഇന്ന് പുലര്‍ച്ചെ കത്തിയത്.
ഇന്നലെ രാത്രി 11.7ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45ന് എട്ടാം ട്രാക്കിൽ നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്താണ് തീകൊളുത്തിയത്. പുലർച്ചെ 1.27നാണ് തീ പടർന്നത്. തീ ആളുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ഉടൻ അപായ സൈറൻ മുഴക്കി അധികൃതർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം രണ്ട് മാസത്തിനിടെ വീണ്ടും ട്രെയിനിന് തീപിടിക്കുന്ന സാഹചര്യമുണ്ടായതോടെ റെയിൽവേ സ്റ്റേഷന്‍റെ സുരക്ഷയിലും വിമർശനം ഉയരുകയാണ്. എംപിമാരായ പി സന്തോഷ് കുമാർ, എംകെ രാഘവൻ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. വിമാനത്താവളമാതൃകയിൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ഒരുക്കണമെന്ന് എംകെ രാഘവൻ പറഞ്ഞിരുന്നു.
ALSO READ : കണ്ണൂരിലെ ട്രെയിൻ തീവെപ്പ്; കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് എം കെ രാഘവൻ എംപി