കണ്ണൂർ : കൊവിഡ് കാലം മനുഷ്യന്‍റെയുള്ളില്‍ ഉറങ്ങിക്കിടന്ന കഴിവുകൾ പുറത്തുകൊണ്ടുവന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാകില്ല. ജീവിതത്തിലെ പ്രതിസന്ധികളെ അതിവേഗം മറികടക്കാൻ മനുഷ്യൻ പഠിച്ചതും കൊവിഡ് കാലത്താണ്. അങ്ങനെയാണ് കണ്ണൂർ സ്വദേശി റഫ്‌സാന ഖാദർ അക്ഷരങ്ങളുടെ ലോകത്ത് സജീവമായത്.
ജീവിതത്തോടൊപ്പം എഴുത്തും വായയനയും ചേർത്തുനിർത്തിയ കലാകാരിയാണ് റിഫ്‌സാന. ജനിച്ച് ആറാം മാസത്തില്‍ സെറിബ്രൽ പാൾസി ബാധിച്ച റഫ്‌സാന കൊവിഡ് കാലത്ത് ' തൂലിക ' എന്ന സോഷ്യല്‍ മീഡിയ പേജില്‍ എഴുതാനാരംഭിച്ചു. ജീവിതത്തിന്‍റെ ഓരോ പ്രതിസന്ധികളെയും ചെറു പുഞ്ചിരിയോടെ തള്ളിമാറ്റി എഴുത്തിന്‍റെ ലോകത്ത് സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ ഈ സമയം കൊണ്ട് റഫ്‌സാനയ്‌ക്കായി.
തൂലിക ചലിപ്പിച്ചത് ജീവിതത്തിൽ : കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ അബ്‌ദുൽ ഖാദറിൻ്റേയും മറിയുമ്മയുടെയും മൂന്നു മക്കളിൽ ഒരാളാണ് റഫ്‌സാന. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് എഴുത്തുകളിൽ യാതൊരു താത്‌പര്യവും കാണിക്കാതിരുന്ന പെൺകുട്ടിയാണ് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കും പോലെ പതിയെ പതിയെ തൂലിക ചലിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് കൊവിഡ് കാലം അവളെ ഒരു എഴുത്തുകാരിയായി വളർത്തി.
റഫ്‌സാനയുടെ മനസിൽ വിരിഞ്ഞ കുഞ്ഞു കവിതകളും കഥകളും നോവലുകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാരിലേക്ക് എത്തി. തൂലിക എന്ന പേജിൽ എഴുത്തു കൊണ്ട് നിറച്ചു. വായനക്കാരിലേക്ക് ആഴ്‌ന്നിറങ്ങാൻ പെട്ടെന്ന് ഈ മിടുക്കിക്ക് കഴിഞ്ഞു. തന്‍റെ എഴുത്തുകൾ കോർത്തിണക്കി ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുക എന്നതായിരുന്നു റഫ്‌സാനയുടെ സ്വപ്‌നം.
'ജിന്ന്' പുറത്തിറങ്ങുന്നു : ഒടുവിൽ അതും യാഥാർത്ഥ്യമാകാൻ പോവുകയാണ്. 'ജിന്ന്' എന്ന ആദ്യ പുസ്‌തകം സൃഷ്‌ടിപഥം പബ്ലിക്കേഷൻസിലൂടെയാണ് പുറത്തിറക്കുന്നത്. പഞ്ചായത്ത് അംഗം ടി.പി ഗംഗാധരന്‍റെയും എഴുത്തുകാരനായ കെ.വി.ശ്രീധരന്‍റെയും നേതൃത്വത്തിൽ പുസ്‌തകം പ്രസിദ്ധികരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം മകളുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ പിന്തുണയുമായ് രക്ഷിതാക്കളും സഹോദരങ്ങളുമല്ലാം ഒപ്പമുണ്ട്.
ഈ സമയം തന്‍റെ മകളെ ഇത്രയും ഉയരത്തിലെത്തിക്കാൻ സഹായിച്ച അധ്യാപകരോടാണ് റഫ്‌സാനയുടെ അമ്മ മറിയുമ്മ ഖാദർ നന്ദി പറയുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥകളും ഷെർലോക് ഹോംസിന്‍റെ ക്രൈം ത്രില്ലറുകളുമാണ് റഫ്‌സാനക്ക് ഏറ്റവും പ്രിയം. തന്‍റെ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിലെ സന്തോഷം അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കൂടെ നിന്നവർക്കും പ്രോത്സാഹിക്കുന്നവർക്കും നന്ദിയുണ്ടെന്ന് റഫ്‌സാനയും പറയുന്നു.
also read : വീൽച്ചെയറിൽ ഇരുന്ന് നിറം പകരുമ്പോൾ മഹേഷിന് പ്രതീക്ഷയുണ്ട്... തന്‍റെ ചിത്രങ്ങൾ തേടിയെത്തുന്നവരെ കുറിച്ച്
കണ്ണൂർ സർവകലാശാലയ്‌ക്ക് കീഴിൽ മലയാളത്തിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ റഫ്‌സാന സർക്കാർ ജോലി നേടാനുള്ള പരിശ്രമത്തിലാണിപ്പോൾ. സ്‌കൂൾ കാലയളവിലൊന്നും സമ്മാനങ്ങളും പുരസ്‌കാരരങ്ങളും റഫ്‌സാനയെ തേടി എത്തിയിട്ടില്ലെങ്കിൽ പോലും അവളുടെ എഴുത്തു വളരും പോലെ പുരസ്‌കാരങ്ങളും തേടിയെത്തി കൊണ്ടിരിക്കുകയാണ്. സമൂഹത്തിലുള്ളവർക്ക് പ്രചോദനവും ഒപ്പം പ്രോത്സാഹനവും നൽകുക എന്നതാണ് തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യമെന്ന് റഫ്‌സാന തൂലികയിലൂടെ അടയാളപ്പെടുത്തുന്നു.