കണ്ണൂര്‍: വടക്കെ മലബാറിലെ മീന മാസത്തിലെ പൂരത്തിന് ഇത്തവണ ആഘോഷങ്ങളില്ലാത്ത പരിസമാപ്‌തി. കൊവിഡും ലോക് ഡൗണുമായതോടെ വീട്ടകങ്ങളിലിരുന്ന് ചടങ്ങുകൾ ലളിതമാക്കി. മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം വരെയുള്ള ഒമ്പത് രാപകലുകള്‍ കാസര്‍കോട്ടെ ചന്ദ്രഗിരി പുഴയ്ക്കും കണ്ണൂര്‍ വളപട്ടണം പുഴയ്ക്കുമിടയിലുള്ള പ്രദേശങ്ങളില്‍ പൂരോത്സവത്തിന്‍റെയും പൂരക്കളികളുടെയും അലയൊലികള്‍ മുഴുങ്ങും. കോലത്തുനാട്ടിലും അള്ളടദേശത്തുമാണ് പൂരോത്സവം നടക്കുന്നത്. കാമദേവനെ പൂജിക്കുന്ന പൂരക്കാലത്ത് പൂക്കളെ കൊണ്ട് കാമദേവ രൂപമുണ്ടാക്കി കാവുകളിലും ഭഗവതി ക്ഷേത്രങ്ങളിലും നാരായണ പൂജകള്‍ നടക്കും. കന്യകമാരായ പെണ്‍കുട്ടികളാണ് കാമദേവാരാധനയില്‍ പങ്കെടുക്കുക.
പൂജാമുറിയിലും കിണറ്റിന്‍കരയിലും ആരാധനയുടെ ഭാഗമായി പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തും. പുല്ലാഞ്ഞി കാടുകളില്‍ വിരിയുന്ന പച്ച നിറത്തിലുള്ള നരയന്‍ പൂവാണ് പൂരപ്പൂക്കളില്‍ പ്രധാനം. മുരിക്കിന്‍ പൂവ്, എരിക്കിന്‍ പൂവ്, അതിരാണി, ചെമ്പകം തുടങ്ങിയ പൂക്കളും ഉപയോഗിക്കാറുണ്ട്. പൂരനാളുകളില്‍ കന്യകമാര്‍ അര്‍ച്ചന നടത്തുന്ന പൂക്കള്‍ ഉപയോഗിച്ചാണ് സമാപനദിവസം കാമദേവന്‍റെ രൂപം ഉണ്ടാക്കുന്നത്. തുടര്‍ന്ന് കാവുകളിലെയും ക്ഷേത്രങ്ങളിലെയും പൂരംകുളി കഴിഞ്ഞ് ഈ രൂപം സന്ധ്യയോടെ പാലുള്ള മരത്തിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി സമര്‍പ്പിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ കാവുകളിലും മറ്റും ഇത്തവണ പൂരോത്സവ ആഘോഷങ്ങള്‍ക്ക് അവധി നൽകിയിരുന്നു. എങ്കിലും തറവാടുകളില്‍ പഴമയുടെ അനുഷ്‌ഠാനപ്പെരുക്കത്തില്‍ സാമൂഹിക അകലം പാലിച്ച് കാമദേവ പൂജ നടത്തി. പൂരത്തിന്‍റെ ആചാരാനുഷ്‌ഠാനങ്ങള്‍ ഇന്നും തുടരുന്ന വടക്കന്‍ കേരളത്തില്‍ ആഘോഷങ്ങളില്ലാതെ, ചടങ്ങ് മാത്രമായി ഇത്തവണത്തെ പൂരോത്സവത്തിന് പരിസമാപ്‌തി കുറിച്ചു.