കണ്ണൂര്‍: പെരളം ചീറ്റയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പടിഞ്ഞാറേ പുരയിൽ കൃഷ്‌ണന്‍റെ വീട്ടിലെ കിണറാണ് ആൾമറ ഉൾപ്പെടെ ഇടിഞ്ഞത്. തിങ്കളാഴ്‌ച (ഓഗസ്റ്റ് 1) രാവിലെ 9.15നാണ് സംഭവം.
തിങ്കളാഴ്‌ച രാവിലെ ഒന്‍പതിന് മുന്‍പ് പതിവുപോലെ കിണറിൽ നിന്നും, കൃഷ്‌ണന്‍റെ ഭാര്യ ലളിത വെള്ളമെടുത്തിരുന്നു. അപ്പോഴൊന്നും അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്ന് ഇവര്‍ പറയുന്നു. സംഭവസമയം, വീട്ടിലെ രണ്ടാം ക്ലാസുകാരന്‍റെ ശബ്‌ദം കേട്ട് ഈ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞുതാഴുന്നത് കണ്ടത്.
കുട്ടി ഇക്കാര്യം വിളിച്ചു പറഞ്ഞിട്ടും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ലളിത പറയുന്നു. വീട്ടുകാർ നോക്കിനിൽക്കെയാണ് ആൾമറ ഉൾപ്പെടെ പൂര്‍ണമായും തകര്‍ന്നത്. മഴ കനത്തതോടെ വലിയ രീതിയിലുള്ള വെള്ളക്കെട്ട് കിണറിന്‍റെ സമീപത്ത് രൂപപ്പെട്ടിരുന്നു. അതാകാം സംഭവത്തിന് കാരണമായതെന്ന് വീട്ടുകാര്‍ പറയുന്നു. ഇനിയൊരു കിണർ നിര്‍മിക്കുക എന്നത് തങ്ങൾക്ക് പ്രയാസമുള്ള കാര്യമാണെന്നും കുടിവെള്ളത്തിനായി ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണെന്നും ലളിത പറയുന്നു.