കണ്ണൂര്‍: ഓണക്കാലമെത്തിയാല്‍ മാടായി പാറയില്‍ കാക്ക പൂവിന്‍റെ ഇന്ദ്രനീലിമ പടരും. കാറ്റിനൊപ്പം ഉലയുന്ന കാക്കപൂ കാഴ്‌ചകാര്‍ക്ക് സമ്മാനിച്ചിരുന്നത് അതുവരെയും കാണാത്ത മനോഹാരിതയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഓണക്കാലമായപ്പോഴേക്കും കഥമാറി.
ഭൂപ്രകൃതിയും ജൈവ വൈവിധ്യങ്ങളും നിറഞ്ഞ മാടായിപ്പാറയില്‍ കാക്ക പൂവടക്കമുള്ള കാട്ടുപൂക്കള്‍ തീര്‍ത്തും നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്നു. ഋതു ഭേദങ്ങള്‍ക്കനുസരിച്ച് കാഴ്‌ചകളുടെ വിരുന്നൊരുക്കി പൂത്തുലഞ്ഞ് നിന്നിരുന്ന മാടായിപ്പാറയില്‍ ഇത്തവണ പൂവിരിഞ്ഞില്ല. മാത്രമല്ല ചെടികളില്‍ ചിലത് പകുതി ഉണങ്ങിയ അവസ്ഥയിലുമാണ്.
300ല്‍ അധികം ഇനത്തില്‍പ്പെട്ട പൂക്കളാണ് മാടായിപ്പാറയുടെ ഭംഗിക്ക് മാറ്റ് കൂട്ടിയിരുന്നത്. ഇതിന് പുറമെ 38 ഇനം പുല്‍ച്ചെടികളും അഞ്ഞുറോളം വരുന്ന മറ്റ് ചെടികളും മാടായിപ്പാറയിലുണ്ടായിരുന്നു. പ്രകൃതി കനിഞ്ഞരുളിയ മാടായിപ്പാറയെ കണ്ണൂരിന്‍റെ അത്ഭുതം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ജൈവവൈവിധ്യ കലവറയായിരുന്ന മാടായിപ്പാറയില്‍ 92 ഇനം ചിത്രശലഭങ്ങളും നൂറിലധികം ഇനത്തില്‍പ്പെട്ട പക്ഷികളുും കാണപ്പെടുന്നുണ്ട്. ഒപ്പം ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന ഭൂമി വ്യത്യസ്തമായ ആചാരങ്ങളുടെ വേദി കൂടിയാണ്. പുല്‍നാമ്പുകള്‍ ഉണങ്ങി വാടി സ്വര്‍ണ വര്‍ണത്തില്‍ തിളങ്ങി നില്‍ക്കുന്ന കാഴ്‌ചയാണ് വേനല്‍ക്കാലത്ത് മാടായിപ്പാറ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക.
എന്നാല്‍ വേനല്‍ക്കാലം കഴിഞ്ഞ് മഴക്കാലം എത്തുന്നതോടെ ചെടികളും പുല്ലും തഴച്ച് വളര്‍ന്ന് പച്ച പരവതാനി വിരിക്കും. ഓണക്കാലം എത്തുന്നതോടെ വെള്ള തുണിയില്‍ നീലം കുടഞ്ഞത് പോലെ കാക്കപൂവും അളിയന്‍ പൂവും എള്ളിന്‍ പൂക്കളും തലപൊക്കി തുടങ്ങും. ഉത്രാടനാളില്‍ പൂ പറിക്കാനെത്തുന്ന കുരുന്നുകളും മാടായിപ്പാറയുടെ ഒരിക്കലും മറക്കാത്ത കാഴ്‌ചകളിലൊന്നായിരുന്നു.
സഞ്ചാരികളുടെ അമിത സമ്പർക്കവും പരിസര മാലിനീകരണവും വേനൽക്കാലത്തെ തീപിടുത്തവുമാണ് മാടായിപ്പാറയിലെ മനോഹര കാഴ്‌ചകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. പ്രകൃതിയെ സംരക്ഷിച്ച് മാടായിപ്പാറയെ പഴയ പോലെ മനോഹരിയായി കാണണമെന്നാണ് ഇവിടെയെത്തുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്. പ്രകൃതിക്ക് വിരുന്നൊരുക്കുന്ന മാടായിപ്പാറയിലെ കാക്കപൂ വസന്തം വരും നാളുകളിലും കാണാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് സഞ്ചാരികള്‍.