കണ്ണൂര്‍: കൊവിഡ്-19 രോഗ വ്യാപനം തടയാന്‍ പ്രത്യേക ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ്. പെര്‍സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്‍റ് (പിപിഇ കിറ്റ്) ധരിച്ചതിന് ശേഷം പുറമെ കാണുന്ന മുഖത്തിന്‍റെ ഭാഗങ്ങള്‍ കൂടി സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കും. രോഗിയില്‍ നിന്ന് ശ്രവങ്ങള്‍ ശേഖരിക്കുമ്പോഴോ പരിശോധനക്കിടയിലോ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ രോഗബാധയേല്‍ക്കാതിരിക്കാന്‍ മുഖം പൂര്‍ണമായി മറക്കാന്‍ കഴിയുന്നതാണ് ഫെയ്‌സ് ഷീല്‍ഡ്.
ലോകത്തെമ്പാടും കൊവിഡ്-19 ചികിത്സക്കിടെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും രോഗം ബാധിക്കുകയും മരണം തന്നെ സംഭവിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വം പൂര്‍ണ്ണമായി ഉറപ്പുവരുത്താന്‍ സ്വന്തമായി തന്നെ ഇത്തരം സുരക്ഷാ കവചം ഒരുക്കിയതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. പ്രമുഖ പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ പരിയാരത്തെ ശക്തി ടാര്‍പോളിന്‍ കമ്പനിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഓവര്‍ഹെഡ് പ്രൊജക്ടറിന് ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക് കവറാണ് ഇതിനായി ഉപയോഗിക്കുന്നത്.
80 മീറ്ററോളം മെറ്റീരിയല്‍ ഇതിനായി മെഡിക്കല്‍ കോളജ് അധികൃതര്‍ വാങ്ങി ടാര്‍പോളിന്‍ കമ്പനിക്ക് നല്‍കുകയായിരുന്നു. ഒരിക്കല്‍ ഉപയോഗിച്ച ശേഷം ഇത് ബ്ലീച്ചിങ് പൗഡറില്‍ ശുചീകരിച്ച ശേഷം വീണ്ടും ഉപയോഗിക്കാവുന്നതാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇത്തരമൊരു സുരക്ഷാ മുഖ കവചം നിര്‍മ്മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഉപയോഗക്ഷമത ഉറപ്പുവരുത്തിയശേഷം മറ്റ് ആശുപത്രികളിലേക്കും ഇത് ശുപാര്‍ശ ചെയ്യുമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.