തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കണ്ണൂരിൽ ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ ഫ്ലക്സ് ബോർഡുകളെ ചൊല്ലി തർക്കം. റൈസിംഗ് കേരള എന്ന പേരിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകൾ എടുത്ത് മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ അത് ഫ്ലക്സ് ബോർഡുകൾ അല്ലെന്നും വികസനത്തിൽ വിറളിപൂണ്ടവരുടെ ആരോപണം മാത്രമാണെന്നും സിപിഎം തിരിച്ചടിച്ചു.
ജില്ലാ കലക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് പി കെ ശ്രീമതിയുടെ ചിത്രം പതിച്ച കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കണ്ണൂർ മണ്ഡലത്തിലുടനീളം സ്ഥാപിച്ച വിഷയം ഡിസിസി പ്രസിഡന്‍റ് ഉന്നയിച്ചത്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് ഒട്ടുമിക്ക ബോർഡുകളിലും വലിയ വാചകങ്ങളായിരിക്കുന്നത്. റൈസിംഗ് കേരള എന്ന പേരിൽ എൽഡിഎഫ് സ്ഥാനാർഥിയെ വികസന നേതാവായി ഉയർത്തിക്കാണിക്കുന്ന ബോർഡുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾ ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ഉത്തരവ് നിലനിൽക്കെ നാഥനില്ലാത്ത ഈ ബോർഡുകൾ എടുത്ത് മാറ്റാൻ എന്തു കൊണ്ട് ജില്ലാ ഭരണകൂടം മടി കാണിക്കുന്നെന്നും സതീശൻ പാച്ചേനി ചോദിച്ചു.
എന്നാൽ ഇതെല്ലാം ഫ്ലക്സ് ബോർഡുകൾ അല്ലെന്ന വാദമാണ് സിപിഎം ഉന്നയിച്ചത്. കണ്ണൂർ എംപിയുടെ വികസന നേട്ടത്തിൽ ആകൃഷ്ടരായ ചില സംഘടനകളാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്. പി കെ ശ്രീമതി എം പി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിൽ വിറളികൊണ്ടവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും എൻ ചന്ദ്രൻ തിരിച്ചടിച്ചു. വിഷയത്തിൽ പരിശോധന നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടർ മറുപടി നൽകി. അതിനിടെ സിപിഎം പാർട്ടി പ്രവർത്തകയായ ബിഎൽഒ കണ്ണൂർ നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കുന്നെന്ന പരാതി സതീശൻ പാച്ചേനി കലക്ടറുടെ മുന്നിൽ വീണ്ടും ഉന്നയിച്ചു. എന്നാൽ രേഖാമൂലം പരാതിയുണ്ടെങ്കിൽ വിഷയം പരിശോധിക്കാമെന്നും പക്ഷപാതം നടത്തിയെന്ന് തെളിഞ്ഞാൽ മാത്രമെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കഴിയുഎന്നും ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി യോഗത്തെ അറിയിച്ചു.