കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവറുടെ അന്തിമ പരിശോധനാഫലം നെഗറ്റീവ്. മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സ്രവം പരിശോധിച്ചതിന്‍റെ ഫലമാണ് നെഗറ്റീവായത്. പടിയൂർ സ്വദേശി കെ.പി സുനില്‍ ജൂണ്‍ 18നാണ് പരിയാരം സർക്കാർ ആശുപത്രിയിൽ മരിച്ചത്. മറ്റ് രോഗങ്ങൾ ഇല്ലാതിരുന്ന സുനിലിനെ പനിയും ശ്വാസ തടസവും കാരണം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് പിന്നീട് പരിയാരത്തേക്ക് മാറ്റിയത്.
16നാണ് സുനിലിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില അതീവ ഗുരുതരമായതോടെ ജീവൻ നിലനിർത്താൻ മുപ്പതിനായിരം രൂപയുടെ ടോസിലിസുമാബ് മരുന്ന് നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ഇയാൾക്ക് രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് അന്തിമഫലം പുറത്ത് വന്നത്.
അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരത്തിൽ ഒരു മണിക്കൂർ സമയത്തില്‍ അധികം വൈറസ് പ്രവർത്തിക്കില്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. രാവിലെ 9.55ന് മരണം രേഖപ്പെടുത്തിയ സുനിലിന്‍റെ സ്രവം നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടാണ് ശേഖരിച്ചതെന്ന് ആശുപത്രി വിശദീകരിച്ചു. സുനിലിന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.